മലപ്പുറം: കാളികാവിൽ കടുവ ദൗത്യത്തിനെത്തിയ കുങ്കിയാന ഇടഞ്ഞു. മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇടഞ്ഞത്. പാപ്പാനായ ചന്തുവിനെ എടുത്തെറിഞ്ഞു. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് മുത്തങ്ങയിൽ നിന്ന് എത്തിച്ചത്. പാറശ്ശേരി സർക്കാർ സ്കൂളിലാണ് ആനകളെ തളച്ചിരുന്നത്. തളച്ച ആനകളെ കുറച്ച് സമയം കഴിയുമ്പോൾ മാറ്റി തളയ്ക്കുന്ന പതിവുണ്ട്. പാപ്പാൻ ഇതിനായി ശ്രമിക്കുന്നതിനിടെയാണ് കുഞ്ചു ആന ആക്രമിക്കുന്നത്. പാപ്പാനെ കൊമ്പിൽ തോണ്ടിയെടുത്ത് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, തൊഴിലാളികൾ കടുവാപ്പേടിയിലായതോടെ കാളികാവ് മേഖലയിലെ റബർ ടാപ്പിംഗ് പ്രതിസന്ധിയിലാണ്. തൊഴിലാളികൾ ജോലിക്കെത്താത്തതിനാൽ പല തോട്ടങ്ങളിലും ടാപ്പിംഗ് നടന്നില്ല. കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയെ കടുവ കൊന്ന സാഹചര്യത്തിൽ ജോലിക്ക് പോകുന്നത് പല കുടുംബങ്ങളും വിലക്കുകയാണ്. ജില്ലയിലെ ഏറ്റവും വലിയ എസ്റ്റേറ്റായ പുല്ലങ്കോട് റബർ എസ്റ്റേറ്റിലും തൊഴിലാളികൾ കടുത്ത ഭീഷണി നേരിടുന്നുണ്ട്. എസ്റ്റേറ്റിന്റെ നടത്തിപ്പ് പോലും തടസപ്പെടുമോയെന്ന് ആശങ്കയുള്ളതായി മാനേജ്‌മെന്റ് പറയുന്നു.
കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നതോടെയാണ് തൊഴിലാളികളുടെ ഭയം വർദ്ധിച്ചത്. അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റിൽ നേരത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനായി സായുധരായ ആളുകളെ കമ്പനി നിയോഗിച്ചിരുന്നു.എന്നാൽ കഴിഞ്ഞമൂന്നു വർഷത്തോളമായി എസ്റ്റേറ്റിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കു മാത്രം ഉപയോഗിച്ചിരുന്ന മൂന്ന് തോക്കു ലൈസൻസുകൾ അധികാരികൾ ഇതുവരെ പുതുക്കി നൽകിയിട്ടില്ല. ഇതാണ് തൊഴിലാളികളുടെ ഭയത്തിന്റെ പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |