ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ വീഡിയോ കരസേനയുടെ വെസ്റ്റേൺ കമാൻഡ് ഇന്നലെ പുറത്തുവിട്ടു. ജമ്മു കാശ്‌മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യയ്‌ക്ക് നേരെ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയ പാക് പോസ്റ്റുകൾ തകർക്കുന്നതാണ് ദൃശ്യങ്ങളിൽ. മേയ് 9ന് രാത്രി 9 മണിയോടെ നടന്നതാണിത്. കൃത്യമായ ആസൂത്രണത്തോടെയും തയ്യാറെടുപ്പോടെയും നീതി നടപ്പാക്കിയെന്ന് എക്‌സ് അക്കൗണ്ട് വഴി പുറത്തുവിട്ട വീഡിയോയിൽ കരസേന വ്യക്തമാക്കി.
വീഡിയോ ആരംഭിക്കുന്നത് കരസേനാ ഉദ്യോഗസ്ഥന്റെ ആമുഖത്തോടെയാണ്. 'പഹൽഗാം ഭീകരാക്രമണത്തോടെയാണ് എല്ലാത്തിനും തുടക്കമിട്ടത്. രാജ്യത്തിന്റെ കോപം ഉരുകുന്ന ലാവ പോലെയായിരുന്നു. മനസിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. തലമുറകൾ ഓർമ്മിച്ചു വയ്‌ക്കുന്ന തരത്തിൽ പാഠം പഠിപ്പിക്കുക. അതു പ്രതികാരമല്ല. നീതി നടപ്പാക്കലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു നടപടി മാത്രമായിരുന്നില്ല. പാകിസ്ഥാനുള്ള പാഠമായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞുവച്ചു. പിന്നാലെയാണ് പാക് പോസ്റ്റുകൾ തകർക്കുന്ന ദൃശ്യങ്ങൾ. പാക് സേനാംഗങ്ങൾ ഓടിരക്ഷപ്പെട്ടെന്നും വീഡിയോയിൽ പറയുന്നു. 54 സെക്കന്റുകൾ മാത്രമുള്ളതാണ് വീഡിയോ.
വെടിനിർത്തൽ തുടരും;
സമയപരിധിയില്ല
വെടിനിർത്തലുമായി ബന്ധപ്പെട്ട മേയ് 12ലെ ഇന്ത്യ - പാക് ധാരണ തുടരുമെന്ന് കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി. വെടിനിറുത്തൽ ധാരണ കാലാവധി ഇന്നലെ അവസാനിക്കുകയാണെന്നും ഡി.ജി.എം.ഒ തല ചർച്ചകൾ നടക്കുമെന്നുള്ള റിപ്പോർട്ടുകൾ സേന നിഷേധിച്ചു. ധാരണയ്‌ക്ക് സമയപരിധി വച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |