'ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സ് " എന്ന പേരിൽ ഗാസയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. 2023 ഒക്ടോബർ മുതൽ തുടരുന്ന യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ 53,000 കടന്നു. ഒരാഴ്ചയായി പ്രതിദിനം 100 പേരെങ്കിലും ഗാസയിൽ കൊല്ലപ്പെടുന്നുണ്ട്. ഇതിനിടെ, ഖത്തറിൽ പരോക്ഷ വെടിനിറുത്തൽ ചർച്ചകളും തുടങ്ങി. എന്നാൽ ഗാസ യുദ്ധത്തിന് ഉടൻ ഒരന്ത്യമുണ്ടാകില്ലെന്ന സൂചനയാണ് ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സിലൂടെ ഇസ്രയേൽ നൽകുന്നത്. ഗാസയിലെ തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുക, ബന്ദികളെ രക്ഷിക്കുക, ഹമാസിനെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചാണ് സൈനിക നടപടി ഇസ്രയേൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഗാസ പിടിച്ചെടുത്ത് അവിടെ തങ്ങളുടെ സ്ഥിരം സൈനിക സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന ഇസ്രയേലിലെ തീവ്രവലതുപക്ഷ പാർട്ടികളുടെ ആവശ്യവും ഇതിനുപിന്നിലുണ്ട്. ദൗത്യത്തിന്റെ ഭാഗമായി വടക്കൻ ഗാസയിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ തുടങ്ങി. സർവ്വതും നഷ്ടപ്പെട്ട ഗാസയിലെ മനുഷ്യർ എന്തുവേണമെന്ന് അറിയാതെ പകച്ചിരിക്കുകയാണ്. വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളും ഏറെക്കുറേ പ്രവർത്തനരഹിതമായി. മാർച്ച് മുതൽ സഹായ ട്രക്കുകൾ അതിർത്തി കടന്ന് ഗാസയിലെത്തുന്നില്ല. ബന്ദികളുടെ മോചനത്തിന് ഹമാസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഇസ്രയേൽ സഹായ വിതരണങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാൽ കടുത്ത ഭക്ഷ്യക്ഷാമമാണ് ഗാസയിൽ. പട്ടിണിക്കും ആക്രമണങ്ങൾക്കും മദ്ധ്യേ നരകതുല്യമായ സാഹചര്യങ്ങളിലൂടെയാണ് പാലസ്തീനികൾ കടന്നുപോകുന്നത്. ഇതിനിടെ മറ്റൊരു ചർച്ചയും ഉയർന്നിട്ടുണ്ട്. ഗാസയെ പുനർനിർമ്മിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച പദ്ധതിയ്ക്കായുള്ള മുന്നൊരുക്കമാണോ ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സ് എന്ന് ഒരു വിഭാഗം സംശയം ഉന്നയിക്കുന്നു. യുദ്ധം അവസാനിച്ചാൽ ഗാസയെ ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറുമെന്നും പാലസ്തീനികളെ മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിച്ച ശേഷം ഗാസയെ പുനർനിർമ്മിക്കുമെന്നും ഗാസയെ മിഡിൽ ഈസ്റ്റിലെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്നുമൊക്കെ ട്രംപ് പറഞ്ഞിരുന്നു. അറബ് രാജ്യങ്ങളടക്കം ഇതിനെതിരെ രംഗത്തെത്തുകയും ഗാസയുടെ പുനർ നിർമ്മാണത്തിന് ബദൽ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പത്ത് ലക്ഷത്തോളം പാലസ്തീനികളെ ലിബിയയിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടത്തിന് ആലോചനയുണ്ടെന്ന വാർത്ത ഒരു അമേരിക്കൻ മാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിൽ വാസ്തവമില്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |