21 മണിക്കൂർ ദാഹജലംപോലും നൽകാതെ പട്ടിണിക്കിട്ടു
പുരുഷ പൊലീസിനു മുന്നിൽ വസ്ത്രാക്ഷേപം നടത്തി
പൊലീസുകാർക്കെതിരെ കൂട്ടനടപടി വരും
തിരുവനന്തപുരം: നിരപരാധിയായ ദളിത് യുവതിയെ ഇരുട്ടിവെളുക്കുവോളം പൊലീസ് മാനസികമായി പീഡിപ്പിക്കുകയും ദാഹജലം ചോദിച്ചപ്പോൾ ടോയ്ലെറ്റിലെ വെള്ളം കുടിക്കാൻ പറയുകയും ചെയ്ത സംഭവം പുറംലോകം അറിഞ്ഞതോടെ സർക്കാർ അനങ്ങി. പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ എസ്.ജി.പ്രസാദിന് സസ്പെൻഷൻ.
കുടപ്പനക്കുന്നിൽ ജോലിക്കു പോയിരുന്ന വീട്ടിലെ മാല കാണാതായ സംഭവത്തിലാണ് ദളിത് യുവതി ആർ.ബിന്ദു (39) കിരാത നടപടികൾക്ക് ഇരയായത്. കറുത്തിരുന്നാൽ കള്ളിയാവുമെന്ന വർണവെറിക്ക് ഇരയാവുകയായിരുന്നു താനെന്നാണ് ബിന്ദുവിന്റെ വെളിപ്പെടുത്തൽ.
കാണാൻ കള്ളിയെപ്പോലെയുണ്ടെന്നും കള്ളിതന്നെയെന്നും ആക്രോശിച്ച സി.ഐ. ആർ.ശിവകുമാറിനെയും സ്റ്റേഷനിലെ മറ്റു പൊലീസുകാരെയും മാറ്റും. നാലുപേർക്കെതിരെ കൂടി നടപടിയുണ്ടായേക്കും.
27 ദിവസം മുമ്പ് നടന്ന സംഭവം ഉന്നതരെ അറിയിച്ചിട്ടും മൂടിവച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉയർന്നു. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് നൽകിയ പരാതി വായിച്ചുപോലും നോക്കിയില്ലെന്ന് യുവതി ആരോപിച്ചു. ശശി അതു നിഷേധിച്ചു.സംഭവം ഇന്നലെ യുവതി വെളിപ്പെടുത്തിയതോടെയാണ് സർക്കാർ ഉണർന്നത്.
പരാതിക്കാരിയായ ഓമനാ ഡാനിയേലിന്റെ വീട്ടിൽനിന്നുതന്നെ 18ഗ്രാമിന്റെ മാലകിട്ടിയിട്ടും എഫ്. ഐ.ആർ റദ്ദാക്കാനുള്ള സാമാന്യനീതിപോലും യുവതിയോട് കാണിച്ചില്ല. ഇന്നലെയാണ് അതിനുള്ള നടപടി തുടങ്ങിയത്. മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസ് കംപ്ളയിന്റ് അതോറിട്ടിയും അന്വേഷിക്കും.
സി.സി ടിവി വീഡിയോ, ഓഡിയോ പരിശോധനയ്ക്ക് ശേഷമാവും പൊലീസുകാർക്കെതിരെ കൂട്ട നടപടി. ഇതിനായി കന്റോൺമെന്റ് അസി.കമ്മിഷണറെയും വകുപ്പുതല അന്വേഷണത്തിന് ശംഖുംമുഖം അസി.കമ്മിഷണറെയും നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് 'കേരളകൗമുദി"യോട് പറഞ്ഞു.
21 മണിക്കൂർ നീണ്ട പീഡനം
ഏപ്രിൽ19നാണ് മാലകാണാതായത്. 23ന് പരാതി നൽകി. വൈകിട്ട് നാലിന് അമ്പലമുക്കിലെ ബസ്സ്റ്റോപ്പിൽ വീട്ടിലേക്ക് പോവാൻനിന്ന ബിന്ദുവിനെ ഫോണിൽവിളിച്ച് പേരൂർക്കട സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.
ചെന്നപ്പോൾതന്നെ 'മാല എവിടെയെടീ" എന്നാക്രോശിച്ച് എസ്.ഐ പ്രസാദ് തെറിവിളിതുടങ്ങിയെന്ന് ബിന്ദു പറഞ്ഞു. 'ഇവളെയൊന്ന് ശരിക്ക് ചോദ്യംചെയ്യ്" എന്നുപറഞ്ഞ് മറ്റൊരുമുറിയിലേക്ക് മാറ്റി .രണ്ടു വനിതകളടക്കം നാല് പൊലീസുകാർ കൂട്ടമായി തെറിവിളിച്ചു. പലവട്ടം കൈയോങ്ങി. കരഞ്ഞു കാലുപിടിച്ചിട്ടും കേട്ടില്ല. പീഡനം സഹിക്കാനാവാതെ തളർന്നുവീണുപോയി.
ബിന്ദു എവിടെയെന്നറിയാതെ ഭർത്താവും മക്കളും മാറിമാറി വിളിക്കുമ്പോഴും ഫോണെടുക്കാൻ അനുവദിച്ചില്ല. ഫോൺപിടിച്ചുവാങ്ങി. പുരുഷപൊലീസുകാർ തൊട്ടടുത്തുനിൽക്കെ, വനിതാപൊലീസ് വസ്ത്രമഴിച്ചുപരിശോധിച്ചു. രാത്രി ഒമ്പതോടെ വീട്ടിലെത്തിച്ച് അരിച്ചുപെറുക്കിയിട്ടും മാലകിട്ടിയില്ല. അപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്.
മാല കിട്ടിയത് മറച്ചുവച്ചു
#24ന് രാവിലെ ഒമ്പതോടെ ഓമനയും മകളും സ്റ്റേഷനിലെത്തി മാല കിട്ടിയെന്നറിയിച്ചു. പതിനൊന്നരയോടെ എസ്.ഐ.പ്രസാദ് ബിന്ദുവിനെ മുറിയിലേക്ക് വിളിപ്പിച്ചു. പെൺമക്കളെയോർത്ത് പരാതി പിൻവലിക്കുകയാണെന്ന് ഓമന പറഞ്ഞു. മൂന്നുദിവസം ജോലിചെയ്തതിന്റെ പണം നൽകി. എന്നിട്ടും സ്വർണംകിട്ടിയെന്ന് പറഞ്ഞില്ല.
# ഭർത്താവ്, പരിചയക്കാരനായ മറ്റൊരു പൊലീസുകാരനെ വിളിച്ചപ്പോഴാണ് സ്വർണംകിട്ടിയതായി അറിഞ്ഞത്. ഫോൺ നൽകാനും പൊലീസ് തയ്യാറായില്ല. ബിന്ദു വാശിപിടിച്ചതോടെ ഉച്ചയ്ക്ക് ഒരുമണിയോടെ ഫോൺനൽകി ' പരാതിയുമായി എങ്ങും പോവരുതെന്ന' ഉപദേശത്തോടെ വിട്ടയയ്ക്കുകയായിരുന്നു. സി.പി.എം അനുഭാവികളാണ് ബിന്ദുവും കുടുംബവും.
''രാത്രിയിൽ വനിതയെ അനാവശ്യമായി കസ്റ്റഡിയിൽ വച്ചതാണ് ഗുരുതരം. സി.സി.ടി.വി പരിശോധിച്ചശേഷം തുടർനടപടികളുണ്ടാവും''
എസ്.ശ്യാംസുന്ദർ,
ഐ.ജി, ദക്ഷിണമേഖല
''ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. മക്കളെയോർത്താണ് ചെയ്യാതിരുന്നത്. സത്യം തെളിയിക്കാൻ ജീവിച്ചിരിക്കണമെന്ന് തോന്നി. പീഡിപ്പിച്ച പൊലീസുകാരെ പിരിച്ചുവിടണം. കള്ളപ്പരാതി നൽകിയവർക്കും ശിക്ഷകിട്ടണം. ഇനിയൊരു സ്ത്രീയ്ക്കും ഇങ്ങനെയുണ്ടാവരുത്.''
-ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |