കൊച്ചി: ഇടനിലക്കാർ മുഖേന കേസൊതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ കോടികൾ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസിന് കൂടുതൽ പരാതി ലഭിച്ചു. ഫോണിലൂടെ ലഭിച്ച പരാതികളിൽ കേസെടുത്തിട്ടില്ല. പരാതികൾ കൂടുന്നത് ഇ.ഡിയെ പ്രതിരോധത്തിലുമാക്കി. പരാതിക്കാരെക്കണ്ട് നടപടി പൂർത്തിയാക്കുകയാണെന്ന് വിജിലൻസ് മദ്ധ്യമേഖല എസ്.പി എസ്. ശശിധരൻ പറഞ്ഞു. വിജിലൻസ് നീക്കം കരുതലോടെ നിരീക്ഷിക്കുകയാണ് ഇ.ഡി.
രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ ഒന്നാം പ്രതിയും ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടറുമായ ശേഖർകുമാറിനെ ചോദ്യം ചെയ്യാൻ ഒന്നോ രണ്ടോ ദിവസത്തിനകം നോട്ടീസ് നൽകിയേക്കും. നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരുടെ ഓഫീസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കമുള്ള രേഖകൾ ലഭിച്ചതാണ് നിർണായകമായത്.
അഞ്ചു ദിവസത്തെ കസ്റ്റഡിയിലുള്ള രഞ്ജിത്ത്, വിൻസൺ, മുകേഷ് കുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികൾ സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
ഡയറിയിൽ സമൻസ് വിവരം
ലാപ്‌ടോപ്പ്, ഐഫോൺ തുടങ്ങിയ ഡിജിറ്റൽ രേഖകൾ, ഡയറി എന്നിവയ്‌ക്കു പുറമേ ഇ.ഡി ഓഫീസിൽ സൂക്ഷിക്കേണ്ട നിർണായക രേഖകളും രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഡയറിയിൽ ഇ.ഡി സമൻസയച്ച വ്യക്തികളുടെ വിവരങ്ങളാണുള്ളത്. കൈക്കൂലിക്കായി തയ്യാറാക്കിയ പട്ടികയാണിതെന്ന് വിജിലൻസ് കരുതുന്നു. രഞ്ജിത്ത് ഇ.ഡി ഓഫീസിലെ നിത്യസന്ദർശകനാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉന്നത ഇ.ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധവുമുണ്ട്.
ഇടനിലക്കാരായ വിൽസണും മുകേഷിനും ഇ.ഡി അന്വേഷണം നേരിടുന്നവരുടെ വിവരം കൈമാറിയിരുന്നത് രഞ്ജിത്ത് വാര്യരാണ്. ശേഖർകുമാറാണ് രഞ്ജിത്തിനെ ദൗത്യം ഏൽപ്പിച്ചതെന്നാണ് വിജിലൻസ് വിലയിരുത്തൽ. ഇവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നൊന്നായി കോർക്കുകയാണ് വിജിലൻസ്.
ഇ.ഡിയെ ദുരുപയോഗം ചെയ്തു: എം.എ. ബേബി
കൈക്കൂലിക്കേസിൽ കേന്ദ്ര അന്വേഷണ സംഘമായ ഇ.ഡിയെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്തെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. അഴിമതി പുറത്തുകൊണ്ടു വരേണ്ട ഇ.ഡി തന്നെ അഴിമതിക്കാരാണെന്ന് വ്യക്തമായിട്ടുള്ള തെളിവുകളാണ് പുറത്തുവന്നിട്ടുള്ളതെന്നും ചങ്ങലയ്ക്ക് ഭ്രാന്ത് വന്ന അവസ്ഥയാണിതെന്നും ബേബി കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടക്കണം.
പണമിടപാടിലും അഴിമതിയിലും കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് കരുതുന്നത്. അന്വേഷണം പുരോഗമിക്കട്ടെ, വസ്തുതകൾ വരട്ടെ. ഇപ്പോൾ ഒരു പ്രഥമ വിവര റിപ്പോർട്ട് മാത്രമാണ് നമ്മുടെ മുന്നിലുള്ളതെന്നും എം.എ. ബേബി പറഞ്ഞു.
പേരൂർക്കടയിൽ ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും നേതൃത്വം ഉചിതമായ വിധത്തിൽ പ്രതികരിക്കും. പരാതികൾ ഉണ്ടാകാത്ത വിധത്തിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനത്തെ പൊലീസ് വകുപ്പിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |