കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വസ്ത്രവ്യാപാര ശാലയിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ദ്ധസമിതി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കാരണം വ്യക്തമാകൂ. മൊത്തം 30 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ജില്ലാ ഫയർ ഓഫീസർ കെ.എം. അഷറഫ് അലിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റിപ്പോർട്ട് ഇന്ന് കളക്ടർക്ക് സമർപ്പിക്കും. കെട്ടിടത്തിന് ഫയർ എൻ.ഒ.സി ഉണ്ടായിരുന്നില്ല.
കസബ എസ്.എച്ച്.ഒ കിരൺ സി. നായരുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കാലിക്കറ്റ് ടെക്സ്റ്റെൽസിൽ മാത്രം എട്ടുകോടിയുടെ നാശനഷ്ടമുണ്ടായി. സമീപത്തെ പി.ആർ.സി മെഡിക്കൽസ്, കാലിക്കറ്റ് അപ്പാരൽസ്, ഫാഷൻബസാർ, കാലിക്കറ്റ് ഫർണിഷിംഗ് സ്ഥാപനങ്ങളും കത്തി.
ഫോറൻസിക്, ഇലക്ടിക്കൽ ഇൻസ്പെക്ട്രേറ്റ്, ടൗൺ പ്ലാനിംഗ് വിഭാഗം, ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവരും പരിശോധന നടത്തി. കെട്ടിടത്തിന് സംരക്ഷണം നൽകുന്നതിലടക്കം വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കുമെന്ന് മേയർ ബീനാഫിലിപ്പ് പറഞ്ഞു. പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് പ്രാഥമിക റിപ്പോർട്ട് കളക്ടർക്കും സർക്കാരിനും സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജ്യോതിഷ് പറഞ്ഞു. രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറിയുടെ നിർദേശം.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും തുണി ഗോഡൗണിലെ തീ പുലർച്ചെ മൂന്ന് മണിക്കാണ് ശമിച്ചത്.
ഉടമകൾ തമ്മിൽ തർക്കം;
ആകെ ദുരൂഹം
കാലിക്കറ്റ് ടെക്സ്റ്റൈയിൽസ് ഗോഡൗണിന്റെ ഇടനാഴികളിൽ അടക്കം തുണിക്കെട്ടുകൾ നിറച്ചിരുന്നു. കെട്ടിടത്തിൽ പ്രവേശിക്കാൻ മറ്റ് വഴികളില്ലാതിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമകൾ തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതും അന്വേഷിക്കും. കെട്ടിടത്തിൽ അനധികൃത നിർമിതികളുണ്ട്. വരാന്തയും, ബാൽക്കണിയും ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് കൊട്ടിയടച്ചിരുന്നു. കെട്ടിടത്തിൽ സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നായിരുന്നു 2021ൽ ഫയർഫോഴ്സിന്റെ ഓഡിറ്റ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |