വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചു. ക്യാൻസറിന്റെ തീവ്രരൂപമാണ് കണ്ടെത്തിയതെന്നും നിലവിൽ രോഗം അദ്ദേഹത്തിന്റെ അസ്ഥികളിലേക്കും പടർന്നിട്ടുണ്ടെന്നും ബൈഡന്റെ ഓഫീസ് അറിയിച്ചു. മൂത്രാശയ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ബൈഡനും കുടുംബവും ഡോക്ടർമാരുമായി ചികിത്സാ മാർഗങ്ങൾ അവലോകനം ചെയ്തുവരികയാണ്. ബൈഡന്റെ രോഗം വേഗം ഭേദമാകട്ടെയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കളും പ്രതികരിച്ചു. തനിക്ക് പിന്തുണ അറിയിച്ച എല്ലാവർക്കും ബൈഡൻ എക്സിലൂടെ നന്ദി അറിയിച്ചു.
പ്രോസ്‌റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്ക് പടർന്നുകഴിഞ്ഞാൽ ഭേദമാക്കാൻ കഴിയില്ലെന്നും എന്നാൽ നിയന്ത്രിക്കാനുള്ള ചികിത്സകളുണ്ടെന്നും നോർത്ത് വെസ്റ്റേൺ ഹെൽത്ത് നെറ്റ്‌വർക്കിന്റെ ക്യാൻസർ പ്രോഗ്രാം മെഡിക്കൽ ഡയറക്ടർ ഡോ. ക്രിസ് ജോർജ് പറഞ്ഞു.
അധികാരത്തിലിരിക്കെ ബൈഡന്റെ ശാരീരിക, മാനസിക സ്ഥിതിയെ പറ്റി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ നവംബറിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായാധിക്യം അടക്കമുള്ള കാരണങ്ങൾ മുൻനിറുത്തി പിന്മാറാൻ ബൈഡൻ നിർബന്ധിതനാവുകയായിരുന്നു. വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷം വളരെ കുറച്ച് പൊതുപരിപാടികളിൽ മാത്രമേ ബൈഡൻ പങ്കെടുത്തിട്ടുള്ളൂ.
1972 മുതൽ ആറ് തവണ ഡെലവെയറിൽ നിന്ന് സെനറ്റർ ആയ ബൈഡൻ ബറാക് ഒബാമയുടെ കാലത്ത് യു.എസ് വൈസ് പ്രസിഡന്റായിരുന്നു. ജനുവരിയിൽ ട്രംപ് അധികാരമേൽക്കും വരെ യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കാഡ് ബൈഡനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |