ന്യൂയോർക്ക്: കൂടുതൽ സഹായമെത്തിച്ചില്ലെങ്കിൽ ഗാസയിൽ 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്നും ഗുരുതര സാഹചര്യമാണെന്നും ഐക്യരാഷ്ട്ര സഭയുടെ (യു.എൻ) മുന്നറിയിപ്പ്. ഗാസയിൽ 11 ആഴ്ചത്തെ ഭക്ഷ്യഉപരോധത്തിന് ശേഷം ഇസ്രയേൽ പരിമിതമായ സഹായം മാത്രമാണ് നൽകുന്നത്. അതും യു.എസ്, കാനഡ, ഫ്രാൻസ്, യു.കെ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന്. ഭക്ഷണമുൾപ്പെടെ അവശ്യ സഹായങ്ങൾ കൊണ്ട് അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിച്ചതെന്ന് യു.എൻ മാനുഷിക സഹായ വിഭാഗം മേധാവി ടോം ഫ്‌ളെച്ചർ പറഞ്ഞു. കുട്ടികൾക്കായി ഭക്ഷണവും പോഷകാഹാരവുമായി 100 ട്രക്കുകൾ കൂടി ഗാസയിലെത്തിക്കാൻ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നുണ്ട്. സമുദ്രത്തിലെ ഒരു തുള്ളി പോലെയേ ഈ സഹായം ആകുന്നുള്ളു. അവശ്യ സാധനങ്ങളെത്തിച്ചില്ലെങ്കിൽ കുട്ടികൾ മരിച്ചുവീഴും. പോഷകാഹാരക്കുറവിനാൽ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ കഴിയാത്ത അവസ്ഥയാണ്. ബേബി ഫുഡ് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
സഹായം നിഷേധിക്കുന്ന ഇസ്രയേൽ നടപടിയെ ബ്രിട്ടൺ, ഫ്രാൻസ്, കാനഡ എന്നിവ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. പാലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുമെന്ന നെതന്യാഹുവിന്റെ തീരുമാനത്തെയുൾപ്പെടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ വിമർശിച്ചു. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. പിന്നാലെയാണ് യു. എന്നിന്റെ മുന്നറിയിപ്പും. 20 ലക്ഷത്തിലധികം പേരുള്ള ഗാസയിലേക്ക് ഇസ്രയേൽ ഉപരോധം മൂലം മാർച്ച് രണ്ട് മുതൽ ഭക്ഷണമോ വെള്ളമോ മറ്റ് അവശ്യസാധനങ്ങളോ എത്തിയിരുന്നില്ല.
അതേസമയം ഗാസ മുഴുവനും നിയന്ത്രണത്തിലാകും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.പോരാട്ടം ശക്തമാണ്. ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കും. വിജയിക്കണം, അതിനായി തടയാനാകാത്ത രീതിയിൽ പ്രവർത്തിക്കണമെന്നും എക്സ് അക്കൗണ്ടിലൂടെ നെതന്യാഹു പ്രതികരിച്ചു. ഗാസയുടെ പൂർണനിയന്ത്രണമാണ് ലക്ഷ്യമെന്നു വ്യക്തമാക്കിയ നെതന്യാഹു,സഖ്യകക്ഷികളടക്കം സമ്മർദ്ദം ശക്തമാക്കിയതിനാലാണ് ഉപരോധത്തിൽ അയവുവരുത്തിയതെന്നും പറഞ്ഞു. അതേസമയം, ഹമാസിന്റെ 160 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |