തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ ദളിത് യുവതി ആർ.ബിന്ദുവിനെ (39) ഇരുപത്തിയൊന്നു മണിക്കൂർ കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ, സി.പി.ഒ, രണ്ട് വനിതാ പൊലീസുകാർ എന്നിവർക്ക് എതിരെ നടപടിക്കു സാദ്ധ്യത.
എസ്.ഐ എസ്.ജി.പ്രസാദിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇന്നലെ സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയെടുത്തു. എസ്.എച്ച്.ഒ ആർ.ശിവകുമാറിനെതിരെയടക്കം ബിന്ദു ആരോപണമുന്നയിച്ചിട്ടുണ്ട്.
കസ്റ്റഡി അനാവശ്യമായിരുന്നെന്നും തീരുമാനമെടുത്തിലെ പിഴവാണ് പ്രശ്നത്തിനിടയാക്കിയതെന്നും സിറ്രി പൊലീസ് കമ്മിഷണർ തോംസൺ ജോസ് 'കേരളകൗമുദി'യോട് പറഞ്ഞു. ഭക്ഷണം നൽകാതിരുന്നതും വീഴ്ചയായി. സി.സി.ടി.വി ദൃശ്യങ്ങൾ കമ്മിഷണർ പരിശോധിച്ചു. പേപ്പർവിരിച്ച് നിലത്ത് ഇരുത്തിയതും ലോക്കപ്പിന് മുന്നിൽ സ്റ്റൂളിൽ ഇരുത്തിയതുമടക്കം ദൃശ്യങ്ങളിലുണ്ട്. അസഭ്യം പറഞ്ഞതിന്റെ ശബ്ദ റെക്കാർഡിംഗ് പരിശോധിക്കുകയാണിപ്പോൾ. അതിനുശേഷമായിരിക്കും നടപടി. ബിന്ദു ഡി.ജി.പിക്ക് നൽകിയ പരാതി കമ്മിഷണർക്ക് കൈമാറിയിരുന്നു.
പരാതി വ്യാജമായിരുന്നോ? മോഷണം പോയെന്നു പറഞ്ഞ മാല ചവറുകൂനയിൽ നിന്ന് കിട്ടിയതെങ്ങനെ? തുടങ്ങിയ വിഷയങ്ങൾ അടക്കം വിശദമായി അന്വേഷിക്കാൻ എ.ഡി.ജി.പി എച്ച്. വെങ്കടേശ് നിർദ്ദേശിച്ചു. അന്വേഷണം ആവശ്യമെങ്കിൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. കള്ളപ്പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരെയെല്ലാം കണ്ടെത്തണമെന്നും വനിതാ കമ്മിഷനും ആവശ്യപ്പെട്ടു.
ബിന്ദുവിനെതിരെ പൊലീസ് കഥ
മാല സുഹൃത്തിന്റെ കൈവശം കൊടുത്തെന്നും വീട്ടിലുണ്ടെന്നും ബിന്ദു പറഞ്ഞതായി പൊലീസ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിലെ പരിശോധന. സെല്ലിൽ അടച്ചിരുന്നില്ല. എം.ഡി.എം.എ കേസിലെ രണ്ട് പ്രതികളാണ് സെല്ലിലുണ്ടായിരുന്നത്. സെല്ലിന് പുറത്ത് സ്റ്റൂളിലും നിലത്ത് പേപ്പർ വിരിച്ചും ബിന്ദുവിനെ ഇരുത്തുകയായിരുന്നു. പിന്നീട് വനിതകളുടെ വിശ്രമമുറിയിലേക്ക് മാറ്റി.
വെള്ളം ചോദിച്ചു, കുപ്പിയിലേക്ക് ചൂണ്ടി
വെള്ളം നൽകിയില്ലെന്നും ടോയ്ലറ്റിലെ വെള്ളം കുടിക്കാൻ നിർദ്ദേശിച്ചെന്നുമുള്ള ആരോപണവും പൊലീസ് നിഷേധിക്കുന്നു. വെള്ളം ചോദിക്കുന്നതും വെള്ളക്കുപ്പി വച്ചിട്ടുള്ള സ്ഥലം പൊലീസുകാരൻ ചൂണ്ടിക്കാട്ടുന്നതും വീഡിയോയിലുണ്ടെന്നാണ് വാദം. അവിടേക്ക് ബിന്ദു പോവുന്നതും തിരികെ വരുന്നതും വീഡിയോയിലുണ്ട്. വെള്ളക്കുപ്പി വച്ചിരുന്ന സ്ഥലത്ത് സി.സി.ടി.വിയില്ല.
'സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടിയുണ്ടാവും".
-എ.ഡി.ജി.പി എച്ച്. വെങ്കടേശ് (ക്രമസമാധാന ചുമതല)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |