മോസ്കോ: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റഷ്യ. റൂസോഫോബിയ ആരോപിച്ചും യുക്രെയ്ൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുമാണ് നിരോധിച്ചത്. റഷ്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതിനെയാണ് റൂസോഫോബിയ എന്ന് പറയുന്നത്.
ആംനസ്റ്റി ഇന്റർനാഷനൽ ലണ്ടൻ ഓഫിസ് ആഗോളതലത്തിൽ റൂസോഫോബിക് പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നും യുക്രെയ്ൻ സർക്കാറിന്റെ സഹായികൾ ഇതിനായി പണം നൽകുന്നുവെന്നും റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് പറഞ്ഞു.
2022ൽ യുദ്ധം ആരംഭിച്ചതുമുതൽ ആംനസ്റ്റി രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുന്നതിനും മേഖലയിലെ സൈനിക ഏറ്റുമുട്ടൽ ശക്തമാക്കുന്നതിനുമായി പ്രവർത്തിക്കുന്നുവെന്നും റഷ്യ ആരോപിച്ചു.
വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനുള്ള ശക്തമായ ശ്രമമാണ് റഷ്യയുടെ നടപടിയെന്നാണ് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ് റഷ്യയുടെ നടപടിയിൽ പ്രതികരിച്ചത്.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും അന്യായമായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുമായി 1961 ൽ സ്ഥാപിതമായതാണ് ആംനസ്റ്റി ഇന്റർനാഷനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |