ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ പ്രാരംഭ വാദം തുടങ്ങി. ചീഫ് ജസ്‌റ്റിസ് ബി.ആർ.ഗവായ്, ജസ്‌റ്റിസ് അഗസ്റ്റിൻ ജോർജ്ജ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കും. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾക്ക് പൊതുവേ ഭരണഘടനാ സാധുത ഉണ്ടാകുമെന്നും സ്റ്റേ ലഭിക്കാൻ ശക്തമായ കേസാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്‌റ്റിസ് ഹർജിക്കാരെ ഓർമ്മിപ്പിച്ചു.
വാദം കേൾക്കൽ മൂന്നിനങ്ങളിൽ പരിമിതപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തെ ഹർജിക്കാർ എതിർത്തു. മതസ്വാതന്ത്ര്യവും ആരാധനാവകാശവുമടക്കം മൗലികവകാശങ്ങളുടെ ലംഘനമാണ് ഭേദഗതിയിലൂടെ സംഭവിച്ചതെന്ന് ഹർജിക്കാർ വാദിച്ചു. കേസിൽ കോടതി ചൂണ്ടിക്കാട്ടിയ മൂന്ന് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സത്യവാങ്‌മൂലം സമർപ്പിച്ചതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യാനുള്ള അധികാരം, കേന്ദ്ര, സംസ്ഥാന വഖഫ് ബോർഡുകളിൽ അമുസ്ളീമുകളെ ഉൾപ്പെടുത്തിയത്, വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോ എന്ന് ഉറപ്പാക്കാൻ കളക്‌ടർ നടത്തുന്ന അന്വേഷണം തുടങ്ങിയ കാര്യങ്ങളിൽ വാദം ഒതുക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിംഗ്‌വിയും കേന്ദ്രത്തിന്റെ വാദത്തെ എതിർത്തു. നിർണായക നിയമനിർമ്മാണത്തിൽ ഭാഗികമായി വാദം കേൾക്കാൻ കഴിയില്ലെന്നും മൂന്നുവിഷയങ്ങളിൽ മാത്രം ഒതുക്കണമെന്ന് മുൻ ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന എവിടെയും പറഞ്ഞിട്ടില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
'ബ്രിട്ടീഷുകാർ പോലും
നടപ്പാക്കാത്ത വ്യവസ്ഥ'
ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26 എന്നിവ ലംഘിക്കുന്നതാണ് പുതിയ വഖഫ് നിയമമെന്ന് കപിൽ സിബൽ വാദിച്ചു. ബ്രിട്ടീഷുകാർ പോലും നടപ്പിലാക്കാത്ത വ്യവസ്ഥകളാണുള്ളത്. വെറുതേ തർക്കമുന്നയിച്ചാലും സെക്ഷൻ സി പ്രകാരം വഖഫ് പദവി നഷ്‌ടപ്പെടും. തർക്കങ്ങൾ പരിഹരിക്കാൻ സമയപരിധിപോലും നിശ്ചയിച്ചിട്ടില്ല. പല വ്യവസ്ഥകളും കോടതിയിൽ പോലും ചോദ്യം ചെയ്യാൻ കഴിയില്ല. അഞ്ചുവർഷം മുസ്ലീമായി ജീവിച്ചാലേ വഖഫ് നൽകാനാവുവെന്ന വ്യവസ്ഥ യുക്തിരഹിതമാണെന്നും വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |