ന്യൂഡൽഹി: ഉപയോക്താക്കൾക്ക് സൗജന്യ സേവനം ഉറപ്പാക്കുന്ന പുതിയ പ്രഖ്യാപനം നടത്തി എയർടെൽ. ഗൂഗിളുമായി സഹകരിച്ചാണ് എയർടെൽ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ഒരു കാലത്ത് മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോ സ്വീകരിച്ച അതേ നീക്കം തന്നെയാണ് എയർടെലും ഇപ്പോൾ ഉപയോഗിക്കുന്നത്. എയർടെൽ ഉപയോക്താക്കൾക്ക് സൗജന്യ സേവനം ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. പക്ഷെ ജിയോ നടത്തിയ പ്രഖ്യാപനത്തിൽ നിന്ന് എയർടെൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഡിവൈസുകളുടെ സ്റ്റോറേജ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് എയർടെലും ഗൂഗിളും സഹകരിച്ച് ഗൂഗിൾ വൺ ക്ലഡ് സ്റ്റോറേജ് സബ്സ്‌ക്രിപ്ഷൻ സേവനം ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ പോസ്റ്റ്പെയ്ഡ് ,വൈ ഫൈ ഉപയോക്താക്കൾക്കും അധികം ചെലവില്ലാതെ ആറ് മാസത്തേക്ക് 100 ജിബി വൺ ക്ലൗഡ് സ്റ്റോറേജ് പുതിയ സേവനത്തിലൂടെ ലഭ്യമാകും. എല്ലാവർക്കും സൗജന്യ സേവനം ലഭ്യമാകില്ല. ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് സബ്സ്‌ക്രിപ്ഷൻ ഉളളവർക്കാണ് എയർടെൽ ആറ് മാസത്തേക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഉപയോക്താക്കൾക്ക് അഞ്ച് പേരുമായി ഈ സ്റ്റോറേജ് പങ്കിടാനും സാധിക്കും. നിങ്ങൾ ഉപയോഗിക്കുന്ന ഡിവൈസുകളിലെ സ്റ്റോറേജ് പ്രശ്നങ്ങൾ പരിഹരിക്കാനും വിവരങ്ങൾ സുരക്ഷിതമാക്കാനും അവ മറ്റുളള ഡിവൈസുകളിലേക്ക് പങ്കുവയ്ക്കാനും ക്ലൗഡ് സ്റ്റോറേജ് സഹായിക്കും. ഈ സംവിധാനം വഴി നിങ്ങളുടെ വാട്സാപ്പ് ചാറ്റുകൾ ഗൂഗിൾ അക്കൗണ്ട് സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യാനും കഴിയും. യോഗ്യതയുളള എയർടെൽ ഉപയോക്താക്കൾ എയർടെൽ താങ്ക്സ് ആപ്പിൽ ലോഗിൻ ചെയ്ത് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്തേണ്ടതാണ്. ആറ് മാസത്തിനുശേഷവും ഈ സേവനം ലഭ്യമാകണമെങ്കിൽ 125 രൂപ മാത്രമേ ചെലവാകുകയുളളൂവെന്ന് എയർടെല്ലും ഗൂഗിളും അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ മൊബൈൽ ഫോണിലെ മെമ്മറി അഥവാ സ്റ്റോറേജ് സംവിധാനം പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഗൂഗിൾ വൺ സ്റ്റോറേജ്. പക്ഷെ ഇതിൽ വിവരങ്ങൾ ശേഖരിക്കപ്പെടുന്നത് മറ്റൊരു സ്ഥലത്താകും. അതുപോലെ ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, ജീമെയിൽ എന്നിവയിലും ഈ സ്റ്റോറേജ് ഉപയോഗിക്കാൻ കഴിയും. നിങ്ങളുടെ ഫോണുകൾക്ക് എന്തെങ്കിലും സാങ്കേതികതകരാറ് സംഭവിച്ചാലോ അല്ലെങ്കിൽ ഫോൺ മാറ്റുമ്പോഴോ വാട്സാപ്പ് ചാറ്റുകൾ, ഫോട്ടോകൾ എന്നിവ ക്ലൗഡ് സ്റ്റോറേജ് വഴി സൂക്ഷിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |