മാഞ്ചസ്റ്റർ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ എ.എഫ്‍. സി ബേൺമൗത്തിനെതിരായ മത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തോട് വിടപറഞ്ഞ് ബൽജിയം താരം കെവിൻ ഡി ബ്രൂയ്ൻ. സിറ്റിയുടെ ഹോം ഗ്രൗണ്ടിലെ ഡി ബ്രൂയ്ന്റെ അവസാന മത്സരത്തിൽ 3–1നാണ് വിജയം.മത്സരത്തിൽ നായകന്റെ ആംബാൻഡ് അണിഞ്ഞാണ് കെവിൻ ഇറങ്ങിയത്.
ഇരു ടീമുകളും 10 പേരായി ചുരുങ്ങിയ മത്സരത്തിൽ ഒമർ മർമോഷ് (14–ാം മിനിട്ട്), ബെർണാഡോ സിൽവ (38), നിക്കോ ഗോൺസാലസ് (89) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. ബേൺമൗത്തിന്റെ ആശ്വാസഗോൾ ഇൻജറി ടൈമിൽ ഡാൻ ജെബിസൻ നേടി. സിറ്റി നിരയിൽ മാത്തിയോ കൊവാസിച്ചും ബേൺമൗത്തിന്റെ ലൂയിസ് കുക്കും ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ ഡി ബ്രുയ്നെ 69-ാം മിനിട്ടിൽ പിൻവലിച്ചു.അതേസമയം, പരുക്കേറ്റ് പുറത്തായിരുന്ന മിഡ്ഫീൽഡർ റോഡ്രി മാസങ്ങൾക്കു ശേഷം കളത്തിലിറങ്ങുന്നതിനും ഈ മത്സരം സാക്ഷ്യം വഹിച്ചു. സെപ്തംബർ മുതൽ പുറത്തിരുന്ന റോഡ്രി 83-ാം മിനിട്ടിൽ ഹാലാൻഡിന് പകരക്കാരനായാണ് കളത്തിലെത്തിയത്.
സീസണിൽ ഇനി എല്ലാ ടീമുകൾക്കും ഓരോ മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഞായറാഴ്ച ഫുൾഹാമിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തോടെ ഡിബ്രൂയ്‌ൻ സിറ്റിയോട് വിടപറയും.ഈ വിജയത്തോടെ സിറ്റിക്ക് 37 മത്സരങ്ങളിൽ നിന്ന് 68 പോയിന്റായി. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള സിറ്റി അടുത്തസീസൺ ചാമ്പ്യൻസ് ലീഗിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |