#സി.പി.ഐയുടെ അന്വേഷണ കമ്മിഷനെ
വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പ്
കൊച്ചി: സി.പി.ഐ മുൻ സംസ്ഥാന സമിതി അംഗവും എറണാകുളം മുൻ ജില്ലാ സെക്രട്ടറിയുമായ പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിഷനെതിരെ വിമർശനവുമായി രാജുവിന്റെ ഭാര്യ ലതിക രംഗത്ത്. രാജുവിനെതിരായ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പലതും പരസ്യമായി പറയേണ്ടി വരുമെന്ന് ലതിക ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പു നൽകി.
ജീവിച്ചിരുന്നപ്പോഴോ മരണശയ്യയിലോ രാജുവിന് നീതി കിട്ടിയില്ല. ഏതോ അന്വേഷണ കമ്മിഷന്റെ പേരിലാണ് പുതിയ അപമാനിക്കൽ. ഒരു കമ്മിഷനും വിവരങ്ങൾ ചോദിക്കാൻ വീട്ടിൽ വന്നിട്ടില്ല. തങ്ങളുടെ കുടുംബം രാജുവിന്റേതു മാത്രമല്ല, സഖാവ് എൻ. ശിവൻപിള്ളയുടേത് കൂടിയാണെന്നും പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.
ഇവിടെ വരാൻ ഒരു സഖാവും ഭയപ്പെടേണ്ടതില്ല. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസുകളിൽ വയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹത്തെ വല്ലാതെ ദ്രോഹിച്ച രണ്ട് മൂന്നു വ്യക്തികൾ ഇങ്ങോട്ട് വരേണ്ടതില്ലെന്നും പറഞ്ഞത് കുടുംബത്തിന്റെ തീരുമാനമാണ്. ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല, ശരിയായ ധാരണയിലാണ് അന്ന് ആ തീരുമാനമെടുത്തത്. ഇനിയും അപമാനം തുടർന്നാൽ എന്തുകൊണ്ട് ആ തീരുമാനങ്ങൾ എടുത്തു എന്നത് തെളിവു നിരത്തി പറയാൻ നിർബന്ധിതയാകുമെന്നും ലതിക സൂചിപ്പിച്ചു.
പി. രാജുവിന്റെ മരണത്തെ തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച ടി. രഘുവരൻ, രാജേഷ് കാവുങ്കൽ, പി.കെ. രാജേഷ് എന്നിവരുൾപ്പെട്ട കമ്മിഷന്റെ റിപ്പോർട്ടിന് ജില്ലാ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. നേതാക്കളായ കെ.എൻ. സുഗതൻ, സഞ്ജിത്ത്, കെ.എൻ. ഗോപി, എം.ടി. നിക്‌സൺ, റെജിമോൻ, ബാബു പോൾ, കെ.ആർ. റെനീഷ് തുടങ്ങി ഏഴ് പേർ കുറ്റക്കാരാണെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലാണ് ജില്ലാ കമ്മറ്റി ശരിവച്ചത്. ഇതിനു പിന്നാലെയാണ് ലതികയുടെ ഫേസ്ബുക്ക് പോസ്‌റ്റെന്നതും ശ്രദ്ധേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |