ഡൽഹി ക്യാപ്പിറ്റൽസിനെ 59 റൺസിന് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ നാലാമത്
ഡൽഹി അഞ്ചാമന്മാരായി പുറത്ത്
മുംബയ് 180/5, ഡൽഹി 121
സൂര്യകുമാർ യാദവിന് അർദ്ധസെഞ്ച്വറി (73 *)
മുംബയ് : നിർണായക മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 59 റൺസിന് തകർത്തെറിഞ്ഞ് മുംബയ് ഇന്ത്യൻസ് ഐ.പി.എൽ പ്ളേ ഓഫിലേക്ക് പറന്നെത്തി. ഈ സീസണിലെ ആദ്യ അഞ്ചുമത്സരങ്ങളിൽ നാലിലും തോറ്റിരുന്ന മുംബയ് പിന്നീട് പതിവുപോലെ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നാണ് അവസാന നാലിൽ ഇടം പിടിച്ചത്.
ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരെ ആദ്യ ബാറ്റിംഗിന് ഇറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 180 റൺസാണ്. മറുപടിക്കിറങ്ങിയ ഡൽഹി 18.2 ഓവറിൽ 121 റൺസിന് ആൾഔട്ടാവുകയായിരുന്നു.
സൂര്യ താണ്ഡവം
16.3 ഓവറിൽ 123/5 എന്ന നിലയിലായിരുന്ന മുംബയ്‌യെ അവസാന 21 പന്തുകളിൽ 57റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ യാദവ്-നമാൻ ധിർ സഖ്യമാണ് 180ലെത്തിച്ചത്. സൂര്യ 43 പന്തുകളിൽ ഏഴുഫോറും നാലുസിക്സുമായി പുറത്താകാതെ 73 റൺസ് നേടി സീസണിലെ നാലാം അർദ്ധസെഞ്ച്വറി കുറിച്ചപ്പോൾ നമാൻ ധിർ എട്ടുപന്തിൽ രണ്ടുവീതം ഫോറും സിക്സും പറത്തിയാണ് 24 റൺസടിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് രോഹിത് ശർമ്മയെ (5) മൂന്നാം ഓവറിൽ നഷ്ടമായിരുന്നു. തുടർന്ന് റയാൻ റിക്കിൾട്ടൺ (25), വിൽജാക്സ് (21) എന്നിവർ പൊരുതിനിന്നു റൺറേറ്റ് വർദ്ധിച്ചില്ല.48 റൺസിൽ ജാക്സും 58 റൺസിൽ റയാനും മടങ്ങി. പകരമിറങ്ങിയ തിലക് വർമ്മ 27 പന്തിൽ 27 റൺസ് നേടി 15-ാം ഓവറിൽ പുറത്താകുമ്പോൾ ടീം 113 റൺസിലേ എത്തിയിരുന്നുള്ളൂ. 123ലെത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയും (3) പുറത്തായി. തുടർന്നാണ് സൂര്യയും നമാനും ക്രീസിൽ ഒരുമിച്ചത്.
ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.മുസ്താഫിസുർ,ചമീര,കുൽദീപ് എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി. അസുഖബാധിതനായ അക്ഷർ പട്ടേലിന് പകരം ഡുപ്ളെസിയാണ് ഡൽഹിയെ നയിച്ചത്.
മറുപടിക്കിറങ്ങിയ ഡൽഹിയെ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റ് വീഴ്ത്തിയ ബൗൾട്ടും ദീപക് ചഹറും വിൽ ജാക്സും കരൺ ശർമ്മയും ചേർന്നാണ് ചിതറിച്ചുകളഞ്ഞത്. കെ.എൽ രാഹുൽ(11), ഡുപ്ളെസി (6), അഭിഷേക് പൊറേൽ (6),സ്റ്റബ്സ് (2) എന്നിവരുടെ പുറത്താകലോടെ ഡൽഹി തളർന്നിരുന്നു. പിന്നീട് സമീർ റിസ്‌വി (39),വിപ്രജ് നിഗം (20), അശുതോഷ് ശർമ്മ (18) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
11-ാം തവണയാണ് മുംബയ് ഇന്ത്യൻസ് പ്ളേ ഓഫിലെത്തുന്നത്.
5 തവണ കിരീടം നേടിയിട്ടുള്ള ടീമാണ് മുംബയ്.
പ്ളേ ഓഫിലെത്തിയവർ
ഗുജറാത്ത് ടൈറ്റാൻസ്, ആർ.സി.ബി, പഞ്ചാബ് കിംഗ്സ്, മുംബയ് ഇന്ത്യൻസ്
ഇന്നത്തെ മത്സരം
ഗുജറാത്ത് Vs ലക്നൗ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |