ന്യൂയോർക്ക്: സിറ്റി യൂണിവേഴ്സിറ്റി ഒഫ് ന്യൂയോർക്ക് (സി.യു.എൻ.വൈ ) ഗവേഷണ സ്ഥാപനത്തിന് വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. അച്യുത സാമന്തയുടെ പേര് നൽകി. 'ഡോ.അച്യുത സാമന്ത ഇന്ത്യ ഇനിഷ്യേറ്റീവ് സി.യു.എൻ.വൈ ക്രെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്' (എ.എസ്.ഐ.ഐ.സി.സി.ഐ ) എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം ചൊവ്വാഴ്ച ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്തു. യു.എസിലെ ഒരു ഗവേഷണ സ്ഥാപനത്തിന് ഇന്ത്യക്കാരന്റെ പേര് നൽകുന്നത് ഇതാദ്യമാണ്. ഒഡീഷയുടെ കലയെയും പൈതൃകത്തെയും കുറിച്ചുള്ള അമേരിക്കൻ വിദ്യാർത്ഥികളുടെ ഗവേഷണത്തെ സ്ഥാപനം പിന്തുണയ്ക്കും. സി.യു.എൻ.വൈയുടെ കീഴിലുള്ള ബ്രോങ്ക്സ് കമ്മ്യൂണിറ്റി കോളേജ് പ്രസിഡന്റ് ഡോ. മിൽട്ടൺ സാന്റിയാഗോ, ഭുവനേശ്വറിലെ കെ.ഐ.ഐ.ടി, കെ.ഐ.എസ്.എസ് എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് സംരംഭം തുടങ്ങാൻ നിർദ്ദേശിച്ചത്. ഡോ. സാമന്തയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഡോ. സാന്റിയാഗോ, ഇൻസ്റ്റിറ്റ്യൂട്ടിന് അദ്ദേഹത്തിന്റെ പേര് നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. അമേരിക്കൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളെയും സാംസ്‌കാരിക വേരുകളെയും മനസിലാക്കാനും ഇടപഴകാനും അച്യുത സാമന്ത ഇന്ത്യ ഇനിഷ്യേറ്റീവ് സഹായിക്കുമെന്ന് ഡോ. മിൽട്ടൺ സാന്റിയാഗോ പറഞ്ഞു. ഡോ. സാമന്തയ്ക്ക് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |