വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി ഇടഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാര ചർച്ചകൾക്കാണ് റമഫോസയെത്തിയത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ വെളുത്ത വർഗക്കാർ വംശീയ വിവേചനം നേരിടുന്നെന്ന ട്രംപിന്റെ പറച്ചിൽ നാടകീയ രംഗങ്ങൾക്ക് വഴിവച്ചു.
റമഫോസയ്ക്ക് ഊഷ്മള സ്വീകരണമാണ് ട്രംപ് ഒരുക്കിയത്. ചർച്ചയുടെ തുടക്കവും ശാന്തമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരെ വംശഹത്യ ചെയ്യുന്നെന്നും അവരുടെ ഭൂമി പിടിച്ചെടുക്കുന്നെന്നും ട്രംപ് മാദ്ധ്യമങ്ങൾക്ക് മുന്നിൽവച്ച് പറഞ്ഞതോടെ ദിശമാറി. ട്രംപിന്റെ വാദത്തെ റമഫോസ എതിർത്തു. എന്നാൽ തിരിച്ചടിക്കാനുള്ള വീഡിയോ ട്രംപ് കരുതിയിരുന്നു.
1948 - 1994ൽ പ്രചാരത്തിലുണ്ടായിരുന്ന 'വെള്ളക്കാരായ കർഷകരെ വെടിവയ്ക്കണം" എന്ന് തുടങ്ങുന്ന പാട്ട്, ദക്ഷിണാഫ്രിക്കൻ പ്രതിപക്ഷ അംഗം ജൂലിയസ് മലേമ പാടുന്നതിന്റെ വീഡിയോ ട്രംപ് പ്രദർശിപ്പിച്ചു. വെള്ളക്കാർ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള പത്ര റിപ്പോർട്ടുകളും പ്രദർശിപ്പിച്ചു.
ഇവയ്ക്കൊന്നും സർക്കാരിന്റെ നയവുമായി ബന്ധമില്ലെന്ന് ശാന്തത കൈവിടാതെ റമഫോസ ആവർത്തിച്ചു. വെള്ളക്കാരോട് വിവേചനം കാട്ടുന്നെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയ്ക്കുള്ള സഹായം ട്രംപ് നേരത്തെ വെട്ടിക്കുറച്ചിരുന്നു. വെള്ളക്കാർക്ക് യു.എസിൽ അഭയം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ തെറ്റായ പ്രചാരണത്തിനെതിരെ ദക്ഷിണാഫ്രിക്കയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഫെബ്രുവരിയിൽ, റഷ്യയുമായുള്ള യുദ്ധത്തിന്റെ പേരിൽ ട്രംപും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും തമ്മിൽ വൈറ്റ് ഹൗസിൽ വച്ച് വാക്കേറ്റമുണ്ടായത് ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |