ആംസ്റ്റർഡാം: ഭീകരർ പാകിസ്ഥാനിലാണെങ്കിൽ, അവിടെയെത്തി അവരെ ഇല്ലാതാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഒരു ഡച്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ അദ്ദേഹം വ്യക്തമാക്കി. വെടിനിറുത്തൽ ധാരണയിലെത്തിയത് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ചർച്ച വഴിയാണെന്നും യു.എസ് ഇടപെടൽ മൂലമല്ലെന്നും ജയശങ്കർ വ്യക്തമാക്കി.
' ഓപ്പറേഷൻ തുടരുകയാണ്. കാരണം ആ ഓപ്പറേഷനിൽ സുവ്യക്തമായൊരു സന്ദേശമുണ്ട്. ഓപ്പറേഷൻ തുടരുന്നു എന്നത് പരസ്പരം വെടിയുതിർക്കുന്നതിന് സമാനമല്ല. എന്നാൽ, ഏപ്രിൽ 22നുണ്ടായ വിധം ആക്രമണങ്ങൾക്ക് മുതിർന്നാൽ പ്രതികരണമുണ്ടാകും " ജയശങ്കർ പറഞ്ഞു.
പാക് സൈനിക മേധാവിയുടെ മതത്തെക്കുറിച്ചുള്ള അതിതീവ്രമായ വീക്ഷണം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സ്വാധീനിച്ചിരുന്നെന്നും ജയശങ്കർ ആരോപിച്ചു. വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കാനും വർഗീയകലാപം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പഹൽഗാം ആക്രമണം നടന്നത്. മതപരമായി അതിതീവ്ര കാഴ്ചപ്പാടുള്ളയാളാണ് പാക് സൈനിക മേധാവി. ചിലർ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുമെന്നും ജയശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |