# പതിനെട്ടു വർഷം കാത്തിരുന്നു
കിട്ടിയ കുഞ്ഞുങ്ങൾ
തൃശൂർ/ചാലക്കുടി : പതിനെട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ലഭിച്ച ഇരട്ട കൺമണികളുമായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ, കാർ അഗ്നി വിഴുങ്ങിയതിന്റെ ആഘാതത്തിലാണ് ദമ്പതികളായ സജിയും ഭാര്യ ബേബിയും. ബാേണറ്റിൽ നിന്നുയർന്ന തീയും ലോക്കായിപ്പോയ ഡോറും അവരുടെ മനസിൽ പടർത്തിയത് മറ്റൊരു തീ.
അമ്പത്തിമൂന്നാം വയസിൽ പിതാവായ സജിക്ക് സർവ സ്വപ്നങ്ങളും അവസാനിച്ചെന്ന് തോന്നി. എട്ടു ദിവസം പ്രായമായ ചോരക്കുഞ്ഞുങ്ങളുമായി പിൻസീറ്റിൽ നാല്പത്തിയേഴുകാരി ഭാര്യ ബേബി, അമ്മ സുലേഖ, അയൽവാസിയായ ലളിത.
മേലൂർ മുൻ പഞ്ചായത്ത് അംഗമായ ചാലക്കുടി മുരിങ്ങൂരിലെ ഐക്കരപ്പറമ്പിൽ സജിയും കുടുംബവും കഴിഞ്ഞ ദിവസം രാത്രി തൃശൂരിലെ സരോജ ആശുപത്രിയിൽ നിന്ന് മടങ്ങിപ്പോവുകയായിരുന്നു. സുഹൃത്ത് സജിമാേൻ കൊണ്ടുവന്ന മാരുതി എസ് ക്രോസ് കാറിലായിരുന്നു യാത്ര.
പതിനഞ്ചു കിലോമീറ്റർ പിന്നിട്ട് ആമ്പല്ലൂരിൽ എത്തുമ്പാേൾ സമയംഎട്ടര. മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുക ഉയരുന്നത് പറഞ്ഞത്. ഉടൻ കാർ നിറുത്തിയെങ്കിലും ഡോർ തുറക്കാൻ കഴിയാതായി. സമീപത്തുണ്ടായിരുന്ന ലോറി ഡ്രൈവറും ഏറെ ശ്രമിച്ചു. കാറിൽ കൂട്ടനിലവിളിയായി.
സജിമാേൻ എങ്ങനെയോ ഡ്രൈവറുടെ ഡോർ തുറന്നു പുറത്തുചാടി പിന്നാലെ മറ്റു ഡോറുകളും തുറക്കാനായി. സജി കുഞ്ഞുങ്ങളെ വാരിപ്പുണർന്നെടുത്തു. കുഴഞ്ഞുവീണ ബേബിയെ കാറിൽ നിന്ന് അകലേയ്ക്ക് മാറ്റി. അമ്മയും അയൽക്കാരിയായ ലളിതയും കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി ദൂരേക്ക് മാറി. നിമിഷങ്ങൾക്കുള്ളിൽ കാർ അഗ്നി ഗോളമായി. നാട്ടുകാരും പുതുക്കാട് പൊലീസും തുണയായി. മറ്റൊരു വാഹനം ഏർപ്പാടാക്കിയ പൊലീസ് അവരെ അതിവേഗം വീട്ടിലെത്തിക്കാൻ കൊടകര വരെ എസ്കോർട്ട് പോയി.
ഈ മാസം 15നാണ് സിസേറിയനിലൂടെ ആൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ മാനേജരാണ് സജി. ആദ്യം വിളിച്ച കാർ എത്തതിനെ തുടർന്നാണ് സജിമോനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു.
'മക്കളെ ശരിക്കും കണ്ടിട്ടുപോലും ഇല്ലായിരുന്നു. ബോണറ്റിൽ നിന്നും തീ ഉയരുന്നത് കണ്ട് ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ ലോക്ക്ഡ്. എല്ലാം അവസാനിച്ചെന്ന് കരുതി. ആ രണ്ട് മിനിറ്റ്... ഓർക്കാൻ പോലും വയ്യ...'
- സജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |