220 പേർക്ക് രക്ഷകനായി പൈലറ്റ്
ശ്രീനഗറിൽ അടിയന്തര ലാൻഡിംഗ്
വിമാനത്തിന് സാരമായ കേടുപാട്
ന്യൂഡൽഹി: 36,000 അടി മുകളിൽ, 220 ഇന്ത്യക്കാരുടെ കൂട്ടക്കുരുതി ആഗ്രഹിച്ച് പാകിസ്ഥാന്റെ ക്രൂര മനസ്. ആകാശച്ചുഴിയിലും ആലിപ്പഴ വീഴ്ചയിലും പെട്ട ഇൻഡിഗോ വിമാനത്തിന് ലാഹോറിൽ അടിയന്തര ലാൻഡിംഗ് നിഷേധിച്ചു. മുൻഭാഗം തകർന്ന വിമാനം പൈലറ്റിന്റെ മനോധൈര്യം കൊണ്ട് ശ്രീനഗറിൽ ഒരുവിധം ലാൻഡ് ചെയ്തു. ഇന്ത്യയോടുള്ള വിദ്വേഷം യാത്രക്കാരോടു തീർക്കാനുള്ള പാകിസ്ഥാന്റെ കുടില ബുദ്ധിയിൽ വൻ പ്രതിഷേധമാണുയരുന്നത്.
ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോയുടെ 6 ഇ 2142 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പഞ്ചാബിലെ അമൃത്‌സറിന് മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥ പ്രതികൂലമായത്. തുടർന്ന് പൈലറ്റ് തൊട്ടടുത്ത ലാഹോർ വിമാനത്താവളത്തിലെ എയർട്രാഫിക്ക് കൺട്രോളറുമായി ബന്ധപ്പെട്ട്, അടിയന്തര ലാൻഡിംഗിന് അനുമതി തേടി. എന്നാൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ അനുമതി നൽകാനാകില്ലെന്ന് പാകിസ്ഥാൻ നിലപാടെടുത്തു. ആത്മധൈര്യം കൈവിടാതിരുന്ന ക്യാബിൻ ക്രൂ വിമാനം ശ്രീനഗർ വരെ പറത്തി സുരക്ഷിതമായി ഇറക്കുകയായിരുന്നു. ആർക്കും പരിക്കില്ല. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കിയാണ് നിലവിൽ ഇന്ത്യൻ വിമാനങ്ങൾ യാത്ര ചെയ്യുന്നത്.
അദ്ഭുത രക്ഷപ്പെടൽ
ആകാശച്ചുഴിയിൽ വിമാനം ആടി ഉലഞ്ഞു. പൈലറ്റിന് നിയന്ത്രണം കൈവിടുന്ന അവസ്ഥവരെയായി. ഒരുവേള മിനിട്ടിൽ 8500 അടി എന്ന കണക്കിന് താഴോട്ടു പറന്നു. 1500-3000 അടിയാണ് സാധാരണ വരേണ്ടത്. ഓട്ടോപൈലറ്റ് സംവിധാനം പ്രവർത്തിക്കാതായി. വിമാനത്തിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർ നിലവിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
മരണം മുഖാമുഖം കണ്ടു
മരണം മുഖാമുഖം കണ്ട അനുഭവമായിരുന്നെന്ന് വിമാനത്തിലുണ്ടായിരുന്ന തൃണമൂൽ നേതാക്കളായ ഡെറിക് ഒബ്രിയാൻ, നദിമുൽ ഹഖ്, സാഗരിക ഘോഷ്, മനസ് ഭൂനിയ, മമത താക്കൂർ എന്നിവർ പറഞ്ഞു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിൻ ക്രൂവിനും പ്രത്യേക നന്ദിയെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ എക്സിൽ കുറിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡി.ജി.സി.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |