കോഴിക്കോട് : കനത്ത മഴയിൽ തിരുവങ്ങൂർ ഭാഗത്ത് ദേശീയപാതയിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട വിള്ളൽ ടാറിട്ടടച്ച് തടിതപ്പാൻ ശ്രമം. വെങ്ങളം മേൽപ്പാലം കഴിഞ്ഞ് വെങ്ങളത്തിനും തിരുവങ്ങൂർ അടിപ്പാതയ്ക്കുമിടയിൽ രൂപപ്പെട്ട വിള്ളലാണ് ഇരുചെവിയറിയാതെ പരിശോധനയൊന്നും കൂടാതെ ദേശീയപാത അധികൃതരെത്തി ടാറിട്ടടച്ചത്. ഇന്നലെ രാവിലെ വീണ്ടും ശക്തമായ മഴ പെയ്തതോടെ ടാർ ഇളകി പരന്നു. ശാസ്ത്രീയ പരിശോധന നടത്താതെ വിള്ളൽ ടാറിംഗ് നടത്തിയതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തായി കോൺക്രീറ്റ് ഭിത്തിയിൽ നിന്ന് ഒന്നര മീറ്റർ അകലെ 400 മീറ്ററോളം നീളത്തിലാണ് വിള്ളലുണ്ടായത്. ബുധനാഴ്ചയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ സെെറ്റ് എൻജിനിയറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതരെത്തി അര മീറ്റർ വീതിയിൽ ടാറിട്ട് വിള്ളൽ അടച്ചു. ഗുജറാത്ത് കേന്ദ്രമായുള്ള വാഗാഡ് എന്ന കൺസ്ട്രക്ഷൻ കമ്പനിക്കാണ് ഇവിടെ നിർമാണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |