സുരക്ഷിതമെന്ന് നാം ചിന്തിക്കുന്ന വീടുകളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുണ്ടാകുന്നത്. എറണാകുളത്ത് അമ്മ മകളെ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ നാലുവയസുകാരി പിതൃസഹോദരനിൽ നിന്ന് ഒന്നര വർഷക്കാലമായി പീഡനം നേരിട്ടിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. സംസ്ഥാനത്ത് ഈ വർഷം മാർച്ച് വരെ 1,201 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം 3,042 ആയിരുന്നു. 2021ൽ കേസുകളുടെ എണ്ണം 3,516 ആയി. 2022, 2023, 2024 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4518, 4641, 4594 എന്നിങ്ങനെയായിരുന്നു.
ഒരുകാലത്ത് അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധികം പേരും താത്‌പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്‌കരണത്തിലൂടെ ഈ ചിന്താഗതിക്ക് വലിയ മാറ്റമാണ് സംഭവിച്ചത്. മാത്രമല്ല, തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ വെളിച്ചം കാണാതെ പോകുമായിരുന്ന പല സംഭവങ്ങളും പുറത്തുവരികയും ചെയ്തിട്ടുണ്ട്. സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വിദ്യ കളങ്കപ്പെടുത്തരുത്
സംസ്ഥാനത്ത് സ്‌കൂൾ അദ്ധ്യാപകർക്കെതിരായ പോക്‌സോ കേസുകളിൽ അച്ചടക്ക നടപടി കർശനമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതിൽ 65 അദ്ധ്യാപകരും 12 അനദ്ധ്യാപകരും ഉൾപ്പെടുന്നു. സർവ്വീസിൽ നിന്നും ഒമ്പത് പേരെ പിരിച്ചുവിട്ടു. ഒരാളെ സർവീസിൽ നിന്നും നീക്കം ചെയ്തതുൾപ്പെടെ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പോക്‌സോ പ്രകാരം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് അച്ചടക്ക നടപടികൾ തുടർന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാർക്കും (രണ്ട് അദ്ധ്യാപകരും, ഒരു ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും 14 അദ്ധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്നും ഏഴ് അദ്ധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 2024-25 അക്കാഡമിക് വർഷത്തിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് രണ്ട് അദ്ധ്യാപകരും എയ്ഡഡ് മേഖലയിൽ നിന്ന് രണ്ട് അദ്ധ്യാപകരുമാണുള്ളത്. താരതമ്യേന മുൻ വർഷത്തെക്കാൾ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നടപടി സ്വീകരിക്കാത്ത പോക്സോ കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായിട്ടുണ്ട്. സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിച്ചു വരികയാണ്.
ലൈംഗിക വിദ്യാഭ്യാസം
ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൃത്യമായ കൗൺസലിംഗ് സംവിധാനം ആൺകുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം.
ലൈംഗികാതിക്രമം എന്നത് അന്തസ്സുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതിവരെ എത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യമുണ്ടായാൽ മാത്രം പോരാ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം.
ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട
പോക്സോ കേസുകളുടെ എണ്ണം (മാർച്ച് വരെ)
തിരുവനന്തപുരം സിറ്റി -68,
തിരുവനന്തപുരം റൂറൽ-10
കൊല്ലം സിറ്റി-44
കൊല്ലം റൂറൽ-56
പത്തനംതിട്ട-76
ആലപ്പുഴ-73
കോട്ടയം-52
ഇടുക്കി-51
എറണാകുളം സിറ്റി-32
എറണാകുളം റൂറൽ-80
തൃശൂർ സിറ്റി-55
തൃശൂർ റൂറൽ- 48
പാലക്കാട്- 60
മലപ്പുറം-117
കോഴിക്കോട് സിറ്റി-53
കോഴിക്കോട് റൂറൽ-70
വയനാട്-48
കണ്ണൂർ സിറ്റി-29
കണ്ണൂർ റൂറൽ-28
കാസർഗോഡ്-55
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |