വാഷിംഗ്ടൺ : ലോകമെമ്പാടും നിരവധി ആരാധകരുള്ള ഒന്നാണ് ചിക്കൻ നഗ്ഗെറ്റ്. 2021ൽ ലോകപ്രശസ്തമായ മക്‌ഡൊണാൾഡ്സിന്റെ ഒരു ചിക്കൻ നഗ്ഗെറ്റ് ലേലത്തിൽ വിറ്റത് എത്ര രൂപയ്ക്കാണെന്ന് അറിയാമോ ? 99,997 ഡോളർ അഥവാ 73 ലക്ഷം രൂപയ്ക്കാണ്.! കേൾക്കുമ്പോൾ ആരായാലും ഞെട്ടും. സ്വർണം കൊണ്ട് നിർമ്മിച്ചത് വല്ലോമാണോ എന്നായിരിക്കും പലരുടെയും ചോദ്യം. കൊറിയൻ ' ബി.ടി.എസ് മീലു"മായി സഹകരിച്ച് രൂപകല്പന ചെയ്തതാണ് ഈ നഗ്ഗെറ്റ്.
ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്‌ഡൊണാൾഡ്സ് കൊറിയൻ പോപ്പ് ബാൻഡായ ബി.ടി.എസുമായി കൈകോർത്ത് രൂപംനൽകിയതാണ് എക്സ്ക്ലൂസീവ് ബി.ടി.എസ് മീൽ. പർപ്പിൾ നിറത്തിലെ വ്യത്യസ്തമായ പാക്കുകളിലാണ് ബി.ടി.എസ് മീൽ പുറത്തിറക്കിയത്.
ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇബേയിൽ രണ്ട് ദിവസം നീണ്ട് നിന്ന ലേലത്തിനൊടുവിലാണ് ചിക്കൻ നഗ്ഗെറ്റ് അമ്പരപ്പിക്കുന്ന വിലയ്ക്ക് വിറ്റുപോയത്.
യു.എസിലെ യൂട്ടാ സ്വദേശിയായ ഒരു യുവതിയാണ് ചിക്കൻ നഗ്ഗെറ്റ് സ്വന്തമാക്കിയത്. ചിക്കൻ നഗ്ഗെറ്റിന്റെ അപൂർവ്വ രൂപമാണ് ഇത്രയും ഉയർന്ന വിലയ്ക്കുള്ള കാരണങ്ങളിൽ ഒന്നത്രെ. ' എമംഗ് അസ് " എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രവുമായി സാദൃശ്യമുള്ളതാണ് ചിക്കൻ നഗ്ഗെറ്റിന്റെ രൂപം.നിസാരമായ വസ്തുക്കൾ ഇത്രയും വലിയ തുകയ്ക്ക് സ്വന്തമാക്കുന്നത് പാഴ് ചെലവാണെന്നാണ് മിക്കവരും പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |