കൊച്ചി: കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ ) കൈകാര്യം ചെയ്യുന്ന കൊച്ചി കലൂരിലെ പ്രത്യേക കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽകുമാർ മോഷയാണ് കുറ്റപത്രം സമർപ്പിച്ചത്. ആയിരക്കണക്കിന് പേജുള്ള കുറ്റപത്രവും അനുബന്ധരേഖകളും സീൽ ചെയ്ത പെട്ടികളിലാണ് സമർപ്പിച്ചത്. സ്വീകരിക്കണോയെന്നും, തിരുത്തലോ കൂട്ടിച്ചേർക്കലോ നിർദ്ദേശിക്കണോയെന്നും കോടതി തീരുമാനിക്കും.
68-ാം പ്രതി സി.പി.എം
(കോടതിയിൽ എത്തേണ്ടത് ജില്ലാ സെക്രട്ടറി)
ഭരണപരമായ കാര്യങ്ങളിലും നടത്തിപ്പിലും ഇടപെട്ടു. ബാങ്കുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി നിയന്ത്രിക്കുന്ന രണ്ട് ഉപസമിതികൾ പാർട്ടിക്കുണ്ടായിരുന്നു. പ്രതികൾക്ക് നിയമവിരുദ്ധമായി വായ്‌പകൾ നൽകി ബാങ്കിനെ ചതിക്കാൻ ഒത്താശ ചെയ്തു. പ്രതികൾ തട്ടിയെടുത്ത പണത്തിന്റെ വിഹിതം കൈപ്പറ്റി. കൈപ്പറ്റിയ പണം കറപുരളാത്തതാണെന്ന് പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് ഭാവിയിൽ ഉപയോഗിക്കാൻ കൈവശം സൂക്ഷിച്ചു. പിന്നീട് ഭൂസ്വത്ത് വാങ്ങാൻ വിനിയോഗിച്ചു.
70: കെ. രാധാകൃഷ്‌ണൻ എം.പി
2016 മുതൽ 2018 വരെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് നിയമവിരുദ്ധമായി വായ്പയെടുക്കാൻ പ്രതികളെ സഹായിച്ചു. വായ്‌പാത്തുകയുടെ വിഹിതം പാർട്ടി ഫണ്ടായി സ്വീകരിച്ചു. പൊറത്തിശേരിയിൽ പാർട്ടി കെട്ടിടം നിർമ്മിക്കാൻ സ്ഥലം വാങ്ങിയത് അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്താണ്. വായ്‌പാതട്ടിപ്പ് പണം സ്ഥലം വാങ്ങാൻ വിനിയോഗിച്ചു.
69: എം.എം. വർഗീസ്
2018 മുതൽ 2025 വരെ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വർഗീസിന്റെ അറിവോടെയാണ് നിയമവിരുദ്ധമായി വായ്‌പകൾ അനുവദിച്ചത്. വായ്പയിൽ നിന്ന് ഒരു വിഹിതം പാർട്ടി ഫണ്ടിലേക്ക് സ്വീകരിച്ചു. നിശ്ചിതവിഹിതം പാർട്ടി ഫണ്ടിലേക്ക് വാങ്ങണമെന്ന് സെക്രട്ടറി നിർദ്ദേശിച്ചിരുന്നതായി മൊഴികൾ ലഭിച്ചു. ഇതുൾപ്പെടെ ഉപയോഗിച്ച് പൊറത്തിശേരി ഓഫീസിന് വർഗീസിന്റെ പേരിലാണ് സ്ഥലം വാങ്ങിയത്. വർഗീസ് സമർപ്പിച്ച പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളിൽ വായ്‌പയെടുത്തവരിൽ നിന്ന് ലഭിച്ച തുകയുടെ കണക്കുകളുണ്ട്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിൽ നിന്ന് വൻതുക ജില്ലാ കമ്മിറ്റിയിലേക്ക് വാങ്ങി. കള്ളപ്പണ നിരോധന നിയമപ്രകാരം ഇടപാടുകൾ നടത്തിയതിന് വർഗീസിനെതിരെ തെളിവുകളുണ്ട്.
67:എ.സി. മൊയ്‌തീൻ
2011 മുതൽ 2016 വരെ ജില്ലാ സെക്രട്ടറിയായിരുന്നു. ബാങ്ക് നിയമവിരുദ്ധമായി വായ്‌പകൾ അനുവദിക്കുന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. തട്ടിപ്പ് നടത്തിയ റോഷൻ നാരായണൻ, വർഗീസ് എം.എസ് എന്നിവർക്ക് നിയമവിരുദ്ധമായി വായ്‌പ അനുവദിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. വർഗീസിന് രണ്ടുകോടി രൂപയാണ് ലഭിച്ചത്. മൊയ്‌തീന്റെ നിർദ്ദേശപ്രകാരം സി.പി.എം നേതാവ് എ.സി. ചന്ദ്രനാണ് വായ്‌പ ലഭിക്കാൻ വർഗീസിനെ സഹായിച്ചത്. പാർട്ടി ഫണ്ടിലേയ്ക്ക് വിഹിതം വാങ്ങി വായ്പാത്തട്ടിപ്പിന് ഒത്താശ നൽകി. ഇതുസംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ മൊഴികൾ ലഭിച്ചു. കള്ളപ്പണ നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ചെയ്‌തത്.
64: മധു അമ്പലപ്പുറം
വടക്കാഞ്ചേരി നഗരസഭാ കൗൺസിലറാണ്. പതിനാലാം പ്രതി സതീഷ്‌കുമാറിനെ തട്ടിപ്പിന് സഹായിച്ചു. ഒമ്പതാം പ്രതി കിരണിന് ഒന്നരക്കോടി രൂപ വായ്‌പ ലഭിക്കാനും മധുവും പി. അരവിന്ദാക്ഷനും സഹായിച്ചു. വായ്‌പത്തുകയുടെ വിഹിതം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റി.
73: കെ.സി പ്രേമരാജൻ
ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറിയാണ്. ബാങ്ക് വായ്‌പ ലഭിച്ചവരിൽ നിന്ന് വിഹിതം വാങ്ങുകയും ജില്ലാ കമ്മിറ്റിക്ക് കൈമാറുകയും ചെയ്‌തു.
71: എ.ആർ പീതാംബരൻ
പൊറത്തിശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. ബാങ്ക് വായ്‌പ അനുവദിക്കുന്നതിൽ ഇടപെട്ടു. പാർട്ടിക്ക് സ്ഥലം വാങ്ങാൻ വായ്‌പയുടെ വിഹിതം കൈപ്പറ്റി.
72: എം.ബി. രാജു
പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. ബാങ്ക് പ്രവർത്തനത്തിൽ ഇടപെട്ടു. വായ്‌പാത്തട്ടിപ്പിന്റെ വിഹിതം പാർട്ടി ഫണ്ടിലേക്ക് വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |