ന്യൂഡൽഹി: കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനം ആർ.എസ്.എസ് മാതൃകയിലാക്കാൻ തീരുമാനം. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴേത്തട്ടിലെത്തിക്കാനാണ് പുതിയ തീരുമാനം. അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാരെ ചുമതലപ്പെടുത്താനും പ്രേരക്മാർ മുഴുവൻ സമയപ്രവർത്തകർ ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്. സെപ്‌തംബർ അവസാനത്തിനകം പ്രേരക്മാരെ അതത് പി.സി.സികളാണ് നിർദ്ദേശിക്കുക. ഈ മാസം മൂന്നിന് ഡൽഹിയിൽ ചേർന്ന കോൺഗ്രസ് യോഗത്തിലായിരുന്നു തീരുമാനം. അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാവരും ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു.
എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരേയും മെച്ചപ്പെടുത്തുന്നത് ഒരു പാർട്ടിയുടെ അടിസ്ഥാന ആവശ്യമാണെന്നും അതിന് പ്രേരണ നൽകുന്ന ഒരു സ്ഥാപന ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും ശിൽപശാല അടിവരയിടുന്നു. കോൺഗ്രസിനോട് ചോദ്യം ചെയ്യപ്പെടാനാവത്ത പ്രതിബദ്ധതയുള്ളവരും പ്രവർത്തകരെ മനസിലാക്കാൻ ശേഷിയുള്ളവരും അവരുടെ ബഹുമാനം നേടുന്നവരുമായിരിക്കണം പ്രേരക്മാരായി നിയമിക്കേണ്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും രാഹുൽ ഗാന്ധി എം.പിയുടെ പിന്മാറ്റവും പിന്നീട് ഇടക്കാല അദ്ധ്യക്ഷയായി സോണിയാഗാന്ധിയുടെ വരവും കോൺഗ്രസിൽ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു. തുടർന്ന് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിനുള്ളിലെ വിലയിരുത്തൽ. അഞ്ചുമുതൽ ഏഴു ദിവസം വരെ പ്രേരകുമാർക്ക് പരിശീലനം നൽകുകയും ചെയ്യും. പ്രവർത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തിരഞ്ഞെടുക്കുകയുള്ളൂ.
അതേസമയം, മദ്ധ്യപ്രദേശിൽ സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുകയാണ്. ദേശീയ തലത്തിലേക്കും വിഷയം ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണ കമ്മിഷനെ നിയമിച്ചിരിക്കുകയാണ് സോണിയ ഗാന്ധി. സിന്ധ്യ ക്യാമ്പിന്റെ സമ്മർദം ശക്തമായതിനെ തുടർന്നാണ് സോണിയ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ കാരണം. കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യക്ക് ബി.ജെ.പി നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഹൈക്കമാൻഡിനെ ആശങ്കപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |