വാഷിംഗ്‌ടൺ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ നികുതി ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് വ്യാപാര കോടതി രംഗത്ത്. ട്രംപിന്റെ നീക്കം അധികാര ദുർവിനിയോഗമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. കൂടാതെ നികുതി ഏർപ്പെടുത്തിയ നടപടിയും തടഞ്ഞിട്ടുണ്ട്. വ്യാപാര വിഷയങ്ങൾ പരിഗണിക്കുന്ന യുഎസിലെ ഫെഡറൽ കോടതിയായ മാൻഹാട്ടൻ അന്താരാഷ്ട്ര വ്യാപാര കോടതിയുടേതാണ് നടപടി.
യുഎസ് പാർലമെന്റായ കോൺഗ്രസിന്റെ അനുമതി ഇല്ലാതെ രാജ്യങ്ങൾക്ക് നികുതി ഏർപ്പെടുത്താനുള്ള അധികാരം പ്രസിഡന്റിനില്ലെന്നും കോടതി വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളിൽ നികുതി ചുമത്തിയ നടപടി പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റിന് ദേശീയ പ്രാധാന്യമുള്ള സാമ്പത്തിക അടിയന്തര പ്രശ്നങ്ങളിൽ സ്വതന്ത്രമായി നടപടിയെടുക്കാൻ അനുവദിക്കുന്ന 1977ലെ ഇന്റർനാഷണൽ എക്കണോമിക് പവേർസ് ആക്ട് (ഐഇഇപിഎ) പ്രകാരമാണ് ട്രംപ് രാജ്യങ്ങൾക്ക് നികുതി ചുമത്തിയത്.
യുഎസിന് വ്യാപാര കമ്മിയുണ്ടാകുന്നത് ദേശീയ അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തിലില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല ഈ നിയമം പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരങ്ങൾ നൽകുന്നില്ലെന്നും കോടതി വിധിച്ചു. ഭരണഘടന അനുസരിച്ച് യുഎസ് പാർലമെന്റായ കോൺഗ്രസിന് മാത്രമേ അന്താരാഷ്ട്ര വ്യാപാരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരമുള്ളു. പ്രസിഡന്റിന് അധികാരത്തെ മറിക്കടക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് കോടതി ട്രംപിനെതിരായ വിധി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |