ആലപ്പുഴ: ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും അപകടങ്ങളും വർദ്ധിക്കുമ്പോഴും ആവശ്യത്തിന് ലൈഫ് ഗാർഡുകളില്ലാതെ ജില്ലയിലെ ബീച്ചുകൾ. ആലപ്പുഴ ബീച്ചിൽ ഒരു ഷിഫ്റ്റിൽ അഞ്ചുപേർ മാത്രമാണുള്ളത്. രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെയാണ് ഒരു ഷിഫ്റ്റ്.
ആളില്ലാത്തതിനാൽ ഓഫ് എടുക്കാൻ പോലും ഇവർക്ക് കഴിയുന്നില്ല. ജില്ലയിൽ ആലപ്പുഴ, മാരാരിക്കുളം ബീച്ചുകളാണ് പ്രധാനമായുള്ളത്. ഇതിൽ ആലപ്പുഴ ബീച്ചിൽ മാത്രമാണ് 10 ലൈഫ് ഗാർഡുകളുള്ളത്. ഇവർ അഞ്ചുപേർ വീതം ഓരോ ഷിഫ്റ്റിൽ ജോലി ചെയ്യും. കൂടുതൽ സഞ്ചാരികളെത്തുന്ന മാരാരിക്കുളം ബീച്ചിൽ ഒരാൾ പോലുമില്ലെന്നതാണ് ഭീഷണി.
ബീച്ചിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ഡ്യൂട്ടി പോയിന്റിൽ രണ്ട് ലൈഫ് ഗാർഡുമാർ വേണമെന്നാണ് നിയമം. ഇതും നടപ്പിലായില്ല. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പോയിന്റുകൾ. ആലപ്പുഴ ബീച്ചിൽ കടൽപ്പാലം മുതൽ കാറ്റാടി വരെ ഒരാളാണ് ജോലി ചെയ്യുന്നത്. ആലപ്പുഴ, മാരാരിക്കുളം ബീച്ചുകളിലായി പ്രതിദിനം 10000ലധികം പേരാണ് എത്തുന്നത്.
ആലപ്പുഴ ബീച്ചിലെത്തുന്നതിലും അധികം സഞ്ചാരികൾ എത്തുന്ന ബീച്ചാണ് മാരാരിക്കുളം ബീച്ച്. വിദേശികൾ കൂടുതൽ എത്തുന്നതും ഇവിടെയാണ്. കോസ്റ്റൽ വാർഡന്മാരാണ് ഇവിടെ നിരീക്ഷിക്കുന്നത്.
ജീവൻ പണയം വച്ച് സഞ്ചാരികൾ
ബീച്ചിലെത്തുന്ന സഞ്ചാരികളോട് അപകടത്തെപ്പറ്റി പറഞ്ഞാൽ മനസിലാക്കുന്നില്ലെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു.
കുട്ടികളുമായി എത്തുന്നവർ കടലിലേക്ക് കുട്ടികളെ ഒറ്റയ്ക്ക് ഇറക്കി വിടുന്ന സന്ദർഭങ്ങൾ സ്ഥിരമാണ്.
കുട്ടികളെ ഇത്തരത്തിൽ കളിക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടാറില്ല.
സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് ചുവട്ടിൽ തുണിയും ചെരുപ്പും വച്ചിട്ടാണ് ആളുകൾ കടലിലിറങ്ങുന്നത്.
ദിവസ ശമ്പളം 835 രൂപ
യാതൊരു ആനുകൂല്യങ്ങളുമില്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുമെന്ന് പറയുമെങ്കിലും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പ്രതിദിനം 835 രൂപയാണ് ഇവരുടെ ശമ്പളം. എട്ടുവർഷത്തിനിടെ 35 രൂപയാണ് ആകെ വർദ്ധിച്ചിട്ടുള്ളത്.
ജില്ലയിലെ പ്രധാന ബീച്ചുകൾ 2.
ആകെയുള്ള ലൈഫ് ഗാർഡുകൾ 10.
വേണ്ടത് 18.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |