കൊച്ചി: യാത്രയ്ക്കിടെ ദിശാബോർഡുകൾ മറിഞ്ഞുവീണോ കാടുമൂടിയോ കിടക്കുന്നത് കണ്ടാൽ കണ്ണൂർ മേരിഗിരി വെൽഫെയർ സെന്റർ ഐ.ടി.ഐയിലെ ഓട്ടോമൊബൈൽ വിഭാഗം ഇൻസ്ട്രക്ടർ വിവേകാനന്ദന് ഇരിപ്പുറക്കില്ല. ബോർഡ് വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കിയിട്ടേ ബാക്കികാര്യമുള്ളു. ഒരുവർഷം മുമ്പ് റീൽസിനായി തുടങ്ങിയ ദൗത്യം ഇപ്പോൾ ജീവിതത്തിന്റെ ഭാഗം. ഇതുവരെ 26കാരൻ വൃത്തിയാക്കിയത് 200ലധികം സൈൻബോർഡുകൾ.
ഓട്ടോമൊബൈൽ ഡിപ്ലോമക്കാരനാണ് വിവേകാനന്ദൻ. സ്വന്തംനാടായ കണ്ണൂർ ഇരിട്ടയിൽ മറിഞ്ഞുകിടന്ന ദിശാബോർഡ് സുഹൃത്തുക്കളായ എഡ്‌വിനും ക്രിസ്റ്റിക്കുമൊപ്പം വൃത്തിയാക്കി പുന:സ്ഥാപിച്ചാണ് തുടക്കം. ഏവർക്കും പ്രചോദനമാക്കുന്ന പ്രവൃത്തി യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തൂടേയെന്ന എഡ്‌വിന്റെ ചോദ്യം വിവേകാനന്ദന്റെ ഹൃദയത്തിൽ തറച്ചു. മറ്റൊരു സൈൻബോർഡ് വൃത്താക്കുന്ന വീഡിയോ ആദ്യമായി ചാനലിലിട്ടു.
കളിയാക്കലുകളാണ് പ്രതീക്ഷച്ചതെങ്കിലും ലഭിച്ചതെല്ലാം 'പോസിറ്റീവ് ' പ്രതികരണങ്ങൾ. ഇത് ഊർജമാക്കിയാണ് മുന്നോട്ടുപോക്ക്. വീഡിയോകൾ കണ്ട് സംസ്ഥാനത്തിന്റെ പലഭാഗത്തും ജനങ്ങൾ സൈൻബോർഡുകൾ വൃത്തിയാക്കിയിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. തന്റെ വിദ്യാർത്ഥികളും ദിശാബോർഡുകൾ വൃത്തിയാക്കാൻ മുന്നിലുണ്ടെന്നതും മനസുനിറയ്ക്കുന്നു- വിവേകാനന്ദൻ പറഞ്ഞു.
മേരിഗിരി വെൽഫെയർ സെന്റർ ഐ.ടി.ഐയിൽ രണ്ടുവർഷം മുമ്പാണ് വിവേകാനന്ദൻ ഇൻസ്ട്രക്ടറായി ജോലിയിൽ പ്രവേശിച്ചത്. വൈകിട്ടും ഒഴിവുസമയങ്ങളിലും മറ്റുമാണ് പൊതുസേവനം. ദീർഘദൂര യാത്രകൾക്കിടയിലും ദിശാബോർഡുകൾ വൃത്തിയാക്കാറുണ്ട്. വസ്ത്രത്തിൽ അഴുക്കാകുമെന്നോ ആളുകൾ എന്തുവിചാരിക്കുമെന്നോ ചിന്തിക്കാറില്ലെന്നും വിവേകാനന്ദൻ പറയുന്നു. മുരുകൻ-രാജി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി വിന്ധ്യ.
ദിശാബോർഡ്
പുരാതന റോമിലാണ് ആദ്യമായി ദിശാസൂചികകൾ സ്ഥാപിക്കപ്പെട്ടതെന്നാണ് ചരിത്രം. 1900ൽ അമേരിക്കയിൽ വില്യം ഫെൽപ്പ്‌സ് ഈനോ ആദ്യമായി സ്‌റ്റോപ്പ് സൈൻ അവതരിപ്പിച്ചു. 1949,1968 നാഷണൽ റോഡ് ട്രാഫിക് കൺവെഷൻനുകളിലാണ് സൈനുകളുടെ മാനണ്ഡങ്ങൾ അവതരിപ്പിക്കുകയും ലോകമാകെ സാർവത്രികമാക്കുകയും ചെയ്തു.
പരിപാലനമില്ല
സംസ്ഥാനത്ത് എല്ലാ പാതകളിലും ദിശാസൂചികളും മുന്നറിയിപ്പ് ബോർഡുകളുമുണ്ട്. പലതും കാടുമൂടിയും വാഹനമിടിച്ച് മറിഞ്ഞും കിടക്കുകയാണ്. ഇത് അപകടങ്ങൾക്കും വഴിവച്ചിട്ടുണ്ട്. പരിപാലനമില്ലാത്താണ് തകരാൻ കാരണമെന്നാണ് വിവേകാനന്ദൻ പറയുന്നു.
''ട്രാഫിക്ക് സൈൻ ബോർഡുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഓട്ടോമൊബൈൽ മേഖലയായതുകൊണ്ട് എനിക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇങ്ങിനെയൊരു ദൗത്യവുമായി മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്.""
വിവേകാനന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |