കൊച്ചി: നിർമ്മാണ പ്രവർത്തനങ്ങളും നവീകരണജോലികളും നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ തമിഴ് നാടോടിസംഘത്തിലെ
മൂന്ന് യുവതികൾ കൂടി അറസ്റ്റിലായി. തമിഴ്നാട് കരൂർ സ്വദേശികളായ കൺമണി (30), സീത (30), പാണ്ടിസെൽവി (26) എന്നിവരെയാണ് ആലുവ മാർക്കറ്റിന് സമീപത്തെ ഫ്ലൈഓവറിനടിയിൽനിന്ന് പാലാരിവട്ടം പൊലീസ് പിടികൂടിയത്. സംഘത്തിലെ സേലം സ്വദേശികളായ ജ്യോതിയും കുമാരിയും മറ്റൊരു കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ 18ന് തമ്മനം ശിവാലയംറോഡിൽ നിർമ്മാണം പുരോഗമിക്കുന്ന വീട്ടിലെ നിർമ്മാണ സാമഗ്രികൾ മോഷണംപോയ കേസിന്റെ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ബാത്ത്റൂം ഫിറ്റിംഗുകളും ഇലക്ട്രിക്കൽ വയറിംഗുമുൾപ്പെടെ മൂന്നു ലക്ഷം രൂപയുടെ സാമഗ്രികളാണ് കവർന്നത്.
ഇടക്കൊച്ചി സ്വദേശിയായ കരാറുകാരൻ നൽകിയ പരാതിയെ തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നാടോടിസംഘത്തെ തിരിച്ചറിഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ മോഷണമുതൽ കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇവരെ ഇടനിലക്കാർ മോഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ 13ന് വെണ്ണല ശോഭാറോഡിലെ നവീകരണജോലികൾ നടക്കുന്ന വീട്ടിൽനിന്ന് ഒരു ലക്ഷം രൂപയുടെ ബാത്ത്റൂം ഫിറ്റിംഗ്സുകൾ മോഷ്ടിച്ച കേസിലാണ് ജ്യോതിയും കുമാരിയും അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |