ചൂരൽമല(വയനാട്): ചൂരൽമല മുണ്ടക്കൈ നിവാസികളുടെ ഹൃദയത്തുടിപ്പായിരുന്ന പുന്നപ്പുഴ വീണ്ടും പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നു. പുന്നപ്പുഴ ചതിക്കുമോയെന്ന ആശങ്ക?. കഴിഞ്ഞ ജൂലായ് 30ന് അർദ്ധരാത്രിയിൽ ഉരുൾപൊട്ടിയപ്പോൾ നിറഞ്ഞൊഴുകിയ പുന്നപ്പുഴ നാന്നൂറോളം പേരെയാണ് കൊണ്ടുപോയത്. നൂറ് കണക്കിന് ആളുകൾ ഉറ്റവരും ഉടവരും ഇല്ലാതെ വഴിയാധാരമായി. ഇന്നും, ഇനിയെന്ത് എന്നറിയാതെ നൂറ് കണക്കിന് ആളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാരിന്റെ കാരുണ്യം കാത്ത് കഴിയുന്നു. ഉരുൾ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിന് ഇനി രണ്ട് മാസം മാത്രം. അതിശക്തമായ കാലവർഷത്തിന്റെ മുന്നറിയിപ്പാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂരൽമലയും മുണ്ടക്കൈയും നൽകുന്നത്. ഗോ സോൺ ഏരിയയിൽ കഴിയുന്ന കുറെ കുടുംബങ്ങളുണ്ട് ഇവിടെ. ഇവർക്ക് രാത്രിയിൽ ഉറക്കം വരുന്നില്ല. എങ്ങനെ ഉറങ്ങും?. കുത്തി ഒഴുകിയെത്തിയ മലവെളളപ്പാച്ചലിൽ നിന്ന് അത്ഭുതമായി രക്ഷപ്പെട്ടവർക്ക് ആ കാള രാത്രി ഇന്നും ഭയം ജനിപ്പിക്കുന്നു. ഏവരുടെയും മനംകവർന്ന് കളകളഗാനം പാടി പാലരുവി കണക്കെ ഒഴുകിയ പുന്നപ്പുഴ ഇന്ന് കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്.
ഉരുൾദുരന്തത്തെ തുടർന്ന് കല്ലുംമണ്ണും മരങ്ങളും അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരാൻ പദ്ധതി ആവിഷ്ക്കരിച്ചു. 195.55 കോടി രൂപക്ക് കരാർ നൽകി. പക്ഷേ, മഴ എത്തിയിട്ടും പുഴ നവീകരിക്കാൻ കഴിഞ്ഞില്ല. കല്ലും മണ്ണും മരങ്ങളും പാറക്കെട്ടുകളും പുഴയിൽ തന്നെ. വെളളരിമലയിൽ നിന്നുളള നീരൊക്കിന് ശക്തികൂടിയിട്ടുണ്ട്. ഇതാണ് താഴ്വാരത്തേക്ക് ആഞ്ഞ് പതിക്കുന്നത്. നദിയുടെ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പുന്നപ്പുഴ ഇങ്ങനെ പരന്നൊഴുകുമായിരുന്നില്ല.
5.7 ദശലക്ഷം ക്യൂബിക് മീറ്റർ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയിൽ ഇപ്പോൾ അടിഞ്ഞ് കൂടിയിരിക്കുന്നത്. എട്ട് കിലോ മീറ്ററോളം ദൂരത്തിൽ ഒഴുകിയിരുന്ന പുഴ ഉരുൾ ദുരന്തത്തിൽ 6.9 കിലോ മീറ്ററോളം ഗതിമാറി ഒഴുകി. പുഴയുടെ വ്യാപ്തി വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുളളിൽ 770മി.മീറ്റർ മഴ ഇവിടെ ലഭിച്ചു. വരും ദിനങ്ങളിൽ മഴയുടെ തോത് വർദ്ധിക്കുമെന്ന് ഉറപ്പ്.
ദുരന്തഭൂമിക്കടുത്ത ഗോ സോൺ ഏരിയയിൽ അഞ്ഞൂറോളം കുടുംബങ്ങൾ കഴിയുന്നുണ്ട്. രണ്ട് മീറ്റർ ആഴത്തിലും 40 മീറ്റർ വീതിയിലും പുഴയുടെ ഒഴുക്ക് സുഗമമാക്കാനായിരുന്നു ലക്ഷ്യം. ഉരുൾ പൊട്ടിയപ്പോൾ 17 മീറ്റർ ഉയരത്തിലാണ് വെളളരിമലക്ക് താഴെ പുഞ്ചരിമട്ടത്ത് നിന്ന് പുഴ ഒഴുകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |