വാഴയൂർ: ഇടവേളകളില്ലാതെ കാലവർഷം കനത്ത് ചെയ്യുമ്പോൾ വാഴയൂരിലെ കർഷകരുടെ ഒരു വർഷത്തെ അധ്വാനം മുഴുവൻ മഴയിൽ തകർന്നടിഞ്ഞു. മൂപ്പെത്തി പാകമായ കുലകൾ വെട്ടിയപ്പോൾ വിൽപ്പന നടക്കാതെ വെട്ടിലായിരിക്കുകയാണ് കർഷകർ. മുൻ മാസങ്ങളിൽ നേന്ത്രവാഴക്കുലകൾക്ക് കിലോ 75 രൂപക്ക് മുകളിലേക്ക് വില കുതിച്ചുയർന്ന് റെക്കോഡ് ഇട്ടിരുന്നു. എന്നാൽ മഴ കനത്തതോടെ ഇത് 35 രൂപയിൽ താഴെയായി.വില കുത്തനെ ഇടിഞ്ഞിട്ടും വിളവെടുത്ത കുലകൾ വാങ്ങാൻ സമീപ പ്രദേശങ്ങളിലെ മൊത്ത വിപണനക്കാർ തയാറാവാത്തത് കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. പലരും വായ്പ എടുത്തും മറ്റുമായിരുന്നു കൃഷി ഇറക്കിയത്. മികച്ച വിളവ് ലഭിച്ചിട്ടും മുടക്കു മുതൽ പോലും തിരിച്ച് ലഭിക്കാത്ത ആആശങ്കയിലാണ് കർഷകർ. കൃഷിയെ മാത്രം ആശ്രയിച്ച് നിരവധി കുടുംബങ്ങൾ ഇവിടെ ജീവിക്കുന്നുണ്ട്. കാലവർഷത്തിൽ ജില്ലയിൽ ലക്ഷകണക്കിന് രൂപയുടെ വാഴ കൃഷിയാണ് നശിച്ചിട്ടുള്ളത്. ഇതിനിടയിലാണ് വിളവെടുത്ത കുലകൾ വിൽക്കാനാവതെ കർഷകർ പാടുപെടുന്നത്. വിതരണക്കാർ എടുക്കാതായതോടെ മൂപ്പത്തിയ കുലകൾ പാടശേഖരങ്ങളിൽ തന്നെ നശിച്ചുപോകുകയാണ്. വിളവെടുത്ത കുലകൾ പലയിടത്തും കൂട്ടിയിട്ടത് പഴുത്തു തുടങ്ങി. ഇവ വാങ്ങാൻ ആളില്ലാതെ നശിച്ചുപോകുന്ന അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ നേന്ത്ര വാഴകൃഷിയുടെ പ്രധാനപ്പെട്ട മേഖല കൂടിയാണ് വാഴയൂർ. വർഷത്തിൽ ലക്ഷകണക്കിന് രൂപയുടെ കൃഷിയാണ് ഇവിടെ നടക്കാറുള്ളത്.
വാഴയൂർ മേഖലയിൽ ഹെക്ടർ കണക്കിന് സ്ഥലത്തു വാഴ കൃഷിയുണ്ട്. മഴ തുടങ്ങിയപ്പോൾ തന്നെ ഒരുമിച്ച് വിളവെടുത്തതിനാൽ ഇവ ഒന്നിച്ച് സംഭരിക്കാനും വിപണനം ചെയ്യാനും പ്രയാസമാണ്. കർഷകരിൽ നിന്നും ഒന്നിച്ച് സംഭരിച്ചാൽ മാർക്കറ്റ് ചെയ്യാൻ കഴിയാതെ ഇവ നശിക്കും. കനത്ത മഴയായതിനാൽ പഴുത്ത പഴത്തിന്റെ ഡിമാൻഡ് കുറവാണ്.
(മേഖലയിലെ മൊത്ത കച്ചവടക്കാരൻ)
മികച്ച വിളവ് ലഭിച്ചിട്ടും വിളവെടുത്ത കുലകൾ വിൽക്കാനാവാത്തത് വളരെ പ്രയാസം സൃഷ്ടിക്കുന്നു. പലരും ബാങ്ക് വായ്പ എടുത്താണ് കൃഷി നടത്തിയിട്ടുള്ളത്. മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണ്. (സുരേഷ് മേഖലയിലെ വാഴ കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |