തിരുവനന്തപുരം: സമീപത്തെ വീട്ടിലെ കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയെന്ന് ആരോപിച്ച് 13കാരനെ അഞ്ചംഗ സംഘം മർദ്ദിച്ചതായി പരാതി.പൗണ്ടുകുളം സ്വദേശിയായ 13 കാരനെ മർദ്ദിച്ചെന്ന പരാതിയിൽ പൗണ്ടുകുളം സ്വദേശികളായ ബിന്ദു,സജീവ്,പ്രണവ്,പൊന്നൻ,റോയ് എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 28നായിരുന്നു സംഭവം.പ്രതികളുടെ വീടിന്റെ കോംപൗണ്ടിൽ നിൽക്കുന്ന കുളിമുറിയിൽ എത്തിനോക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.കവിളിൽ ശക്തമായടിച്ചും,ചൂലിന്റെ ഇരുമ്പ് വടി കൊണ്ടടിച്ചും 13കാരനെ സംഘം പരിക്കേൽപ്പിച്ചു.
പരിക്കേറ്റ കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.കാലിലും,കവിളിലും,കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്.ദേഹോപദ്രവം,ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ,അസഭ്യം പറയൽ,കൂട്ടം ചേർന്നുള്ള ആക്രമണം,പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ കുട്ടി ഒളിഞ്ഞു നോക്കിയിട്ടില്ലെന്നും, മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നുമാണ് കുട്ടിയുടെ വീട്ടുകാരുടെ വിശദീകരണം.സംഭവത്തിൽ പ്രതിചേർത്തവർക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |