മണ്ണാർക്കാട്: വീടിന്റെ താഴ് മുറിച്ച് അകത്തുകയറിയ മോഷ്ടാക്കൾ സ്വർണവും പണവും കവർന്നു. ശിവൻകുന്ന് ശിവക്ഷേത്രത്തിന് മുൻവശത്തായുള്ള റിട്ട.അദ്ധ്യാപകരായ ശീധരന്റെയും ശ്രീദേവിയുടെയും 'ശ്രീലയം' വീട്ടിലാണ് കവർച്ച.
അലമാരയിൽ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണവും 12,000 രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്നും കവർന്ന ടാബ് സമീപത്തെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം. വീട്ടുകാർ കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവിലുള്ള മകന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അയൽവാസിയായ സ്ത്രീയാണ് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്.
വീട്ടുകാർ എത്തിയിട്ടുണ്ടാകുമെന്ന് കരുതി വിളിച്ചുനോക്കി. ആരും വിളികേൾക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഇവർ സമീപവാസികളോടും വിവരംപറഞ്ഞു. തുടർന്നാണ് താഴ് മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസിന്റെ പരിശോധനയിൽ കവർച്ച സ്ഥിരീകരിച്ചു. വീട്ടുകാർ വൈകിട്ട് സ്ഥലത്തെത്തിയാണ് നഷ്ടപ്പെട്ട സ്വർണത്തിന്റെയും പണത്തിന്റെയും കണക്ക് നൽകിയത്.
രണ്ടുനില വീടിന്റെ മുകളിലേയും താഴത്തേയും മുറിയിലെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നതെന്നും വീട്ടുകാർ പറഞ്ഞു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പാലക്കാടുനിന്നുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സി.ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |