കോട്ടയം: കലിതുള്ളിയ കാലവർഷം വിതച്ച നാശം നിറയുമ്പോഴും നിറചിരികളോടെ കുരുന്നുകൾ ഇന്ന് വിദ്യാലയങ്ങളിലെത്തും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മാനം തെളിഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലയിലെ വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. അറിവിന്റെ ലോകത്തേയ്ക്ക് ആദ്യമായെത്തുന്നവരെ മധുരവും സമ്മാനങ്ങളും നൽകി വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി.
മിക്ക വിദ്യാലയങ്ങളും ഇന്നലെ തന്നെ കമനീയമായി അലങ്കരിച്ചു. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം നീണ്ടൂർ എസ്.കെ.വി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയവർക്കും ഉപഹാരം നൽകും. തിരക്കഥാകൃത്തും സാഹിത്യകാരനും പൂർവ വിദ്യാർത്ഥിയുമായ എസ്.ഹരീഷ് കൈയെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യും.
സ്കൂളുകൾ ഫിറ്റ്‌നസ് നേടി
ജില്ലയിൽ ആകെയുള്ള 910 സ്‌കൂളുകളിൽ ഭൂരിഭാഗവും തുറന്നു പ്രവർത്തിക്കാൻ സജ്ജമാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പരിശോധന പൂർത്തിയാകാനുണ്ട്. തദ്ദേശസ്ഥാപനങ്ങൾ അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയായി.
''
പ്രശ്നരഹിതമായ രീതിയിൽ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് നടന്നത്. പാഠപുസ്തക വിതരണം പൂർത്തിയാകുന്നതേയുള്ളൂ. വെള്ളപ്പൊക്കവും മഴയുമാണ് തടസമായത്.
-വിദ്യാഭ്യാസ വകുപ്പ് അധികൃതർ
ആവശ്യമുള്ള പുസ്തകം: 1506181
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |