ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുഗുമാരൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്‌ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിക്രമിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് ചലച്ചിത്ര മേഖലയെ തന്നെ വേദനയിലാഴ്‌ത്തി.
ഒരു നിർമാതാവിന് തിരക്കഥ വിവരിച്ചുകൊടുത്ത ശേഷം മധുരയിൽ നിന്ന് മടങ്ങുംവഴിയാണ് വിക്രമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമകുടി സ്വദേശിയാണ് വിക്രം സുഗുമാരൻ. സിനിമയോടുള്ള അതിയായ താൽപ്പര്യത്താൽ ചെന്നൈയിലേക്ക് താമസം മാറി. ഇതിഹാസ സംവിധായകൻ ബാലു മഹേന്ദ്രയുടെ സഹായിയായാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. 2000ത്തിന്റെ തുടക്കത്തിൽ ഷോർട്ട് ഫിലിമുകൾ ചെയ്‌താണ് വിക്രമിന്റെ തുടക്കം. 'മധയാനൈ കൂട്ടം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'രാവണ കോട്ടം' ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്‌ത ചിത്രം. 'തെരും പോരും' എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു.
അടുത്തിടെ ഒരു മാദ്ധ്യമത്തിന് വിക്രം നൽകിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ചില വ്യക്തികളിൽ നിന്ന് വഞ്ചന നേരിട്ടുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ, തന്റെ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ട തെളിവുകളൊന്നും കൈവശമില്ലാത്തതിനാൽ ആരുടെയും പേര് പരാമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |