പത്തനംതിട്ട : വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കത്തിന് അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്ന കേസിൽ കൊടുംക്രിമിനൽ ഉൾപ്പെടെ രണ്ടുപേരെ കീഴ്‌വായ്പ്പൂർ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻ വീട്ടിൽ അനിൽകുമാർ (44), പേരൂർക്കട കുടപ്പനക്കുന്ന് ജെ പി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജു കുമാർ (43) എന്നിവരെയാണ് പൊലീസ് സംഘം ദിവസങ്ങൾക്കുള്ളിൽ തന്ത്രപരമായി വലയിലാക്കിയത്. കഴിഞ്ഞ 15ന് രാവിലെ 10നും 17ന് വൈകിട്ട് 5 നുമിടയിലുള്ള സമയത്ത് കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി കിഴക്കയിൽ കെ.എം.മത്തായി (73) യുടെ വീട്ടിലാണ് കവർച്ച നടന്നത്. മത്തായിയും ഭാര്യയുമാണ് വീട്ടിൽ താമസം, രണ്ടു മക്കളും വിദേശത്താണ്.
15ന് ഇവർ കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ പോയിരുന്നു, 17 ന് വൈകിട്ട് അഞ്ചോടെയാണ് തിരിച്ചെത്തിയത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്ത് കയറിയപ്പോൾ കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലും. തുണികളും ബാഗുകളും മറ്റും വാരിവലിച്ച് പുറത്തിട്ടിരുന്നു. മോഷണം നടന്നതായി തിരിച്ചറിഞ്ഞപ്പോൾ അയൽവാസികളോട് വിവരം പറഞ്ഞു. കിടപ്പുമുറിയിലെ ഗോദ്‌റെജിന്റെ സ്റ്റീൽ അലമാരയിലും ഭിത്തി അലമാരയിലും, അതിഥികൾ വരുമ്പോൾ താമസിക്കുന്ന മുറിയിലെ രണ്ട് തടിയലമാരകളിലുമായി സൂക്ഷിച്ചിരുന്ന ആകെ 20 പവൻ സ്വർണവും, ഹാളിലിരുന്ന 10000 രൂപ വിലയുള്ള ലാപ് ടോപ്പും കിടപ്പുമുറിയിലെ തടി അലമാരയിലിരുന്ന 15000 രൂപയുടെ സി സി ടിവിയുടെ ഡിവിആറും, മോണിറ്ററും 4000 രൂപ വിലവരുന്ന 5 വാച്ചുകളും കവർച്ചചെയ്യപ്പെട്ടു.
കീഴ്‌വായ്പ്പൂർ പൊലീസ് 18 ന് വീട്ടിലെത്തി മത്തായിയുടെ ഭാര്യ ലില്ലിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന്, എസ്.ഐ സതീഷ് ശേഖർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. പ്രതികളെന്ന് തിരിച്ചറിഞ്ഞ ഇരുവരെയും തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, കീഴ് വായ്പ്പൂർ എസ് എച്ച് ഓ.വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുമുള്ള പ്രത്യേകസംഘം തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പൊലീസ് സംഘത്തിൽ എസ് ഐ മനോജ് കുമാർ, എസ് സി പി ഓമാരായ മനോജ്, അഖിലേഷ്, സി പി ഓമാരായ ദീപു, വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ സംഭവസ്ഥലത്തും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യാനാണ് പൊലീസ് നീക്കം.
കൊടും ക്രിമിനലുകൾ
ഒന്നാം പ്രതി അനിൽകുമാർ തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച, മോഷണം മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ആയുധനിയമം ഉൾപ്പെടെയുള്ള 17 കേസുകളിൽ പ്രതിയാണ്. 2005 മുതൽ 2021വരെയുള്ള കാലയളവിനിടെ എടുത്ത ക്രിമിനൽ കേസുകളാണിവ. ഇവയിൽ 6 കേസുകൾ കവർച്ച നടത്തിയതിന് രജിസ്റ്റർ ചെയ്തവയാണ്. മറ്റുള്ളവ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും മറ്റും രജിസ്റ്റർ ചെയ്തവവയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പേരൂർക്കട പോലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതികൂടിയാണ് ഇയാൾ. രണ്ടാം പ്രതി പോക്‌സോ ഉൾപ്പെടെ മൂന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |