ഗുവാഹത്തി: കഴിഞ്ഞ ആറു ദിവസമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്തമഴയിൽ വൻനാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി 34 പേർ മരിച്ചു. നിരവധി പേരെ കാണാതായി. 19,000 പേരെ മാറ്റി പാർപ്പിച്ചു. അസാം,മിസോറാം,അരുണാചൽപ്രദേശ്,മേഘാലയ,മണിപ്പൂർ എന്നിവിടങ്ങളിൽ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുകയാണ്.
അസം,അരുണാചൽപ്രദേശിൽ ഒമ്പതുപേർ വീതവും മിസോറാമിൽ അഞ്ചും നാഗാലാൻഡ്,ത്രിപുരയിൽ ഒരാൾവീതവും മേഘാലയിൽ ആറ് മരണവും റിപ്പോർട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 5 ലക്ഷത്തോളം ആളുകളെ മഴക്കെടുതി ബാധിച്ചു. മിക്ക സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അസമിലെ 15 ലധികം ജില്ലകളിലായി 78,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 10,000ത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. മണിപ്പൂരിൽ കനത്ത മഴയിൽ 883 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബ്രഹ്മപുത്ര,ബരാക് ഉൾപ്പെടെ പത്ത് പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലാണ്. പാന്യോറിലെ ചുയുവിലെ തൂക്കുപാലം കനത്തമഴയെത്തുടർന്ന് ഒഴുകിപ്പോയി. ഒട്ടേറെ ട്രെയിൻ സർവീസും റദ്ദാക്കി.
അരുണാചലിൽ മണ്ണിടിച്ചിലിൽ വാഹനം കൊക്കയിൽവീണ് ഗർഭിണികളടക്കം ഏഴുപേർ മരിച്ചു. മഴക്കെടുതി ബാധിച്ച സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും ഗവർണറുമായും അമിത് ഷാ സംസാരിച്ചു. മഴക്കെടുതി രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ സൈന്യത്തിന്റെയും എൻ.ഡി.ആർ.എഫ്,എസ്.ഡി.ആർ.എഫ് സംഘങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം,അസമിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 5 വരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സൈനിക ക്യാമ്പ്
തകർന്ന് 3 മരണം
മഴക്കെടി രൂക്ഷമായ സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്നു മരണം. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. നാലുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാത്രി 7 മണിയോടെയുണ്ടായ കനത്ത മഴയിലാണ് ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഹവീൽദാർ ലഖ്ബീന്ദർ സിംഗ്,ലാൻസ് നായിക് മനീഷ് താക്കൂർ,പോർട്ടർ അഭിഷേക് ലഖാഡ എന്നീ സൈനികരാണ് മരിച്ചത്. ചഹെതനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞുവീണിരുന്നു. അതേസമയം,സൈനികർക്ക് പുറമേ കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം.
വിനോദസഞ്ചാരികളെ
രക്ഷപ്പെടുത്തി
സിക്കിമിലെ ലാചുംഗിൽ നിന്ന് 1,678 വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ കനത്ത മഴയെത്തുടർന്നാണ് വിനോദസഞ്ചാരികൾ ലാചുംഗിൽ കുടുങ്ങിയത്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികൾ സിക്കിമിന്റെ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള
സിൽചറിൽ പെയ്തത്
415.8 മില്ലിമീറ്റർ മഴ
അസമിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സിൽചറിൽ ഒരുദിവസം കൊണ്ട് പെയ്തത് റെക്കാഡ് മഴ. ജൂൺ ഒന്നിന് 24 മണിക്കൂറിനിടെ 415.8 മില്ലിമീറ്റർ മഴയാണ് സിൽചറിൽ ലഭിച്ചത്. 132 വർഷങ്ങൾക്കിടെ രാജ്യത്ത് ഇതാദ്യമായാണ് ഒരുപ്രദേശത്ത് ഒറ്റദിവസം ഇത്രയധികം മഴപെയ്തത്. 1893ലാണ് രാജ്യത്ത് ഇതിന് ഇത്രയും ഉയർന്ന അളവിൽ മഴ ലഭിച്ചത്. അന്ന് 290.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെ ജൂൺ മാസത്തിന്റെ ആദ്യദിനം തന്നെ അസമിലെ മിക്ക പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യമായി. 2022ലാണ് സിൽചർ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിട്ടത്. അന്ന് നഗരത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |