തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥൻ ഡോ. ബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. ബി അശോക് നൽകിയ ഹർജിയിലാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ.
കേഡറിന് പുറത്തുള്ള തസ്തികയിൽ നിയമിച്ചപ്പോൾ ഉദ്യോഗസ്ഥന്റെ സമ്മതം തേടിയില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച ഉത്തരവെന്നും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
ഐ എ എസ് കേഡറിന് പുറത്തുള്ള തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് താത്കാലികമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജനുവരിയിൽ തടഞ്ഞിരുന്നു. സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്നാരോപിച്ച് അശോക് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ഹരിപാൽ അദ്ധ്യക്ഷനും വി. രമ മാത്യു അംഗവുമായ ട്രൈബ്യൂണലായിരുന്നു പരിഗണിച്ചത്.
സ്ഥലംമാറ്റം പ്രാബല്യത്തിലായെന്നും അശോകിന് പകരം ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും കാർഷികോദ്പാദന കമ്മിഷണറുടെയും അധികച്ചുമതല നൽകിയെന്നും സർക്കാർ അറിയിച്ചെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചിരുന്നില്ല. ഇതിന്റെ അന്തിമ ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്.
സംസ്ഥാനത്തെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ബി അശോക്. സർക്കാർ നടപടി 1954ലെ അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെയും ഐ.എ.എസുകാരുടെ ഡെപ്യൂട്ടേഷൻ മാർഗനിർദ്ദേശങ്ങളുടെയും ലംഘനമാണെന്നാണ് അശോക് വാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |