തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് ആർ.ബിന്ദുവിനെ (39), പേരൂർക്കട സ്റ്റേഷനിൽ 21 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവത്തിൽ വിശദ അന്വേഷണം തുടങ്ങി. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം ബിന്ദുവിന്റെ മൊഴിയെടുത്തു.ഇന്നലെ രാവിലെ 10.30ന് തുടങ്ങിയ മൊഴിയെടുപ്പ് വൈകിട്ട് 4.45വരെ നീണ്ടു.സ്റ്റേഷനിൽ നേരിട്ട പീഡനങ്ങൾ ബിന്ദു വിവരിച്ചു. മൊഴിയെടുക്കലിനായി ലീഗൽ സർവീസ് അതോറിട്ടി അഭിഭാഷകയെ നിയോഗിച്ചിരുന്നു.
പേരൂർക്കട സ്റ്റേഷനിലെ സി.സിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഇത് പരിശോധിച്ചശേഷം ഒരുവട്ടം കൂടി ബിന്ദുവിന്റെ മൊഴിയെടുക്കും. പൊലീസുകാർ ഉപയോഗിച്ച മോശമായ ഭാഷ, മാലക്കള്ളിയെന്ന് വിളിച്ച് അപമാനിച്ചത്, കുടിക്കാൻ വെള്ളം നൽകാതിരുന്നത്, മോഷണക്കുറ്റം ആരോപിച്ചത്, ഭർത്താവിനെയും മക്കളെയും മോഷണക്കേസിൽ പ്രതിചേർക്കുമെന്നു ഭീഷണിപ്പെടുത്തിയത് എന്നിവയെല്ലാം ബിന്ദു മൊഴി നൽകിയിട്ടുണ്ട്. അന്ന് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും.
പേരൂർക്കട സ്റ്റേഷനിൽ നിന്ന് ഫയലുകളും രേഖകളും ബിന്ദുവിനെതിരായ പരാതികളും ഡിവൈ.എസ്.പി ശേഖരിച്ചിട്ടുണ്ട്. ജൂലായ് 7നകം അന്വേഷണറിപ്പോർട്ട് നൽകാനാണ് ദക്ഷിണമേഖലാ ഐ.ജി എസ്.ശ്യാംസുന്ദറിന്റെ നിർദ്ദേശം. ബിന്ദുവിനെതിരെ വ്യാജ മോഷണപ്പരാതിയുണ്ടാവാനുള്ള സാഹചര്യം, സ്റ്റേഷനിൽ നേരിട്ട പീഡനങ്ങൾ, പൊലീസ് നടപടികളിലെ വീഴ്ചകൾ എന്നിവ പ്രത്യേക സംഘം അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |