ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല ആവശ്യമായ അങ്കമാലി- ശബരി റെയിൽ പാത യാഥാർത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ദ്ധസംഘം ദിവസങ്ങൾക്കകമെത്തും. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലായിൽ ആരംഭിക്കും. 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ചശേഷം പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലായ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് സംഘത്തിലുണ്ടായിരുന്ന മന്ത്രി വി. അബ്‌ദു റഹിമാൻ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി.തോമസും ഒപ്പമുണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ വടക്കു നിന്ന് തെക്കോട്ടേക്ക് മൂന്ന്, നാല് പാതകൾ വന്നേക്കും. അതിന്റെ സാദ്ധ്യതകളും ഡൽഹിയിലെ റെയിൽ ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയായി. സിൽവർ ലൈനിന് ബദലായി മുന്നോട്ടുവച്ച സെമി ഹൈസ്പീഡ് പദ്ധതിയോട് കേന്ദ്രത്തിന് താത്പര്യമില്ലെന്നാണ് സൂചന.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് ഗുണകരമാണ് ശബരിപ്പാത. അങ്കമാലി മുതൽ എരുമേലി വരെയാണ് പാതയെങ്കിലും, പുനലൂർ വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും മദ്ധ്യകേരളത്തിന്റെ വികസനത്തിനും ഉതകും. പാതയ്ക്ക് ഇരുവശവും ലോജിസ്റ്റിക് ഹബ്ബുകളും സാമ്പത്തിക-വാണിജ്യ-കാർഷിക-വ്യാപാര മേഖലകളും സ്ഥാപിക്കാനാവും. തുറമുഖ അനുബന്ധ വ്യവസായങ്ങൾക്ക് 10,000ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ശ്രമം.
തടിമില്ലുകളും അരിമില്ലുകളും ധാരാളമുള്ള പെരുമ്പാവൂർ, കാലടി,
പൈനാപ്പിൾ സിറ്റിയായ വാഴക്കുളം, തൊടുപുഴയിലെ സ്പൈസസ്‌പാർക്ക്, മൂന്നാർ,ഭൂതത്താൻകെട്ട്, ഇലവീഴാപൂഞ്ചിറ,വാഗമൺ,കുട്ടിക്കാനം,തേക്കടി ടൂറിസംകേന്ദ്രങ്ങൾ എന്നിവയ്ക്ക് ഗുണകരമാവും. നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്ക് എരുമേലിയിൽ നിന്ന് എട്ടു കി.മീറ്റർ അകലം മാത്രമേയുള്ളൂ.
മരവിപ്പിച്ച ഉത്തരവ് റദ്ദാക്കണം; 392 ഹെക്ടർ ഏറ്റെടുക്കണം
പദ്ധതി മരവിപ്പിച്ച് 2019സെപ്തംബറിൽ റെയിൽവേ ഇറക്കിയ ഉത്തരവ് റദ്ദാക്കണം
ഇടുക്കിയിൽ മുഴുവൻ ഭൂമിയും കോട്ടയത്തെ 2വില്ലേജുകളിലും ഏറ്റെടുക്കേണ്ട ഭൂമി കല്ലിട്ട് തിരിച്ചിട്ടുണ്ട്
എറണാകുളത്ത് കല്ലിട്ടു തിരിച്ച സ്ഥലമേറ്റെടുക്കാൻ സാമൂഹ്യാഘാതപഠനം പൂർത്തിയാക്കണം
24ഹെക്ടർ ഭൂമിയേറ്റെടുത്തു. 392ഹെക്ടർ ഏറ്റെടുക്കണം. 14 സ്റ്റേഷനുകൾ നിർമ്മിക്കണം
വിഴിഞ്ഞത്തിന്റെ ചരക്ക് ഇടനാഴിയാക്കാം
1.വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കാർഗോ നീക്കം പൂർണതോതിലാവുമ്പോൾ എം.സി റോഡിൽ ഗതാഗതകുരുക്കേറും. സമാന്തരമായുള്ള തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് പാതയ്ക്കും കാർഗോനീക്കം താങ്ങാനാവില്ല. ശബരിപാത വിഴിഞ്ഞത്തേക്ക് നീട്ടിയാൽ ചരക്കുനീക്കത്തിന് മാത്രമായൊരു ലൈൻ നിർമ്മിക്കാനാവും.
2.തുറമുഖങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കാൻ കേന്ദ്രത്തിന് റെയിൽസാഗർ പദ്ധതിയുണ്ട്. 2100കിലോമീറ്റർ ട്രാക്ക് നിർമ്മിക്കാനാണ്പദ്ധതി. തുറമുഖ സമ്പർക്ക-സൗകര്യ ഇടനാഴിയായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന് പണച്ചെലവുണ്ടാവില്ല.
₹3801കോടി
ശബരിപ്പാതയുടെ
നിർമ്മാണചെലവ്
₹1900കോടി
സംസ്ഥാനസർക്കാർ
നൽകേണ്ട തുക
₹4800കോടി
വിഴിഞ്ഞത്തേക്ക്
നീട്ടാനുള്ള ചെലവ്
''വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയിൽ ശബരിപ്പാത വികസിപ്പിക്കാം
-പിണറായിവിജയൻ,
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |