ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, മണിപ്പൂർ ഗവർണർ അജയ് ഭല്ല എന്നിവരുമായി മോദി സംസാരിച്ചു. സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പു നൽകി. മഴക്കെടുതിയിൽ ഇതുവരെ 38 പേർക്ക് ജീവൻ നഷ്ടമായി. അസാമിൽ 11ഉം അരുണാചൽ പ്രദേശിൽ പത്തും മേഘാലയയിൽ ആറും മിസോറാമിൽ അഞ്ചും സിക്കിമിൽ മൂന്നും ത്രിപുരയിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.
സിക്കിമിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായ ലെഫ്റ്റനന്റ് കേണലുൾപ്പെടെ ആറ് പേർക്കായി തെരച്ചിൽ തുടരുകയാണ്.
അസാമിലാണ് ഏറ്റവും നാശ നഷ്ടമുണ്ടായത്. വെള്ളപ്പൊക്കം അഞ്ച് ലക്ഷത്തിലധികം ആളുകളെ ബാധിച്ചു. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.
മണിപ്പൂരിലെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. മണിപ്പൂരിൽ മാത്രം പതിനായിരത്തിലധികം വീടുകൾ പൂർണ്ണമയോ ഭാഗികമായോ തകർന്നു. 55000 ആളുകളെ പ്രളയ ഭീഷണി മൂലം മാറ്റി പാർപ്പിച്ചു. ത്രിപുരയിൽ ശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും പതിനായിരത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. മിസോറാമിൽ കനത്ത മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |