തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് ഭരണം പിടിച്ചിരുന്ന കാലത്ത് നിർണായക പങ്ക് വഹിച്ചിരുന്ന നേതാവായിരുന്നു തെന്നല ബാലകൃഷ്‌ണപിള്ള. കേരളം വാശിയോടെ കണ്ട തിരഞ്ഞെടുപ്പാണ് 2001ലേത്. കടുത്ത പോരാട്ടം നടന്ന വർഷം അന്നത്തെ ഭരണമുന്നണിയായ ഇടതുപക്ഷത്തിന് വെറും 40 സീറ്റാണ് ലഭിച്ചത്. യുഡിഎഫ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലീഡായ 99 സീറ്റ് നേടി. ലീഡർ കെ കരുണാകരന്റെ പിന്തുണയോടെ കഴക്കൂട്ടത്ത് റിബലായി മത്സരിച്ച എംഎ വാഹിദിനെ കൂടി കൂട്ടുമ്പോൾ യുഡിഎഫിന് 100 സീറ്റ്.
പരസ്‌പരമുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞുതീർത്ത് ലീഡറെയും എകെ ആന്റണിയെയും ഒന്നിച്ച് നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട അന്നത്തെ കെപിസിസി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്‌ണപിള്ളയ്‌ക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷമായിരുന്നു അത്. തിരഞ്ഞെടുപ്പ് സമയത്ത് മഞ്ചേശ്വരം മുതൽ പാറശാല വരെ ഓടിനടന്ന് തേഞ്ഞ് അദ്ദേഹത്തിന്റെ ചെരുപ്പ് പോലും നശിച്ചിരുന്നു. പുതിയൊരു ചെരുപ്പ് വാങ്ങാൻ തീരുമാനിച്ച തെന്നല പുളിമൂടിലെ ബാറ്റാ ഷോറൂമിലേക്കാണ് പോയത്. അന്നത്തെ കെപിസിസി ജനറൽ സെക്രട്ടറി പന്തളം സുധാകരനും സന്തത സഹചാരി നാരായണൻ കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഈ സമയത്താണ് പന്തളം സുധാകരന്റെ മൊബൈലില്‍ ഒരു സന്ദേശം ലഭിക്കുന്നത്. അന്ന് മൊബൈൽ ഫോൺ വിപണിയിലെത്തി അധികമായിട്ടില്ല. എഐസിസി നിരീക്ഷകരായെത്തിയ ഗുലാം നബി ആസാദിനും മോത്തിലാൽ വോറയ്ക്കും തെന്നലയെ കാണണം. അടിയന്തരമായി ഗസ്റ്റ് ഹൗസിൽ എത്തണം എന്നായിരുന്നു അത്. അധികം വൈകിക്കാതെ തന്നെ ചെരുപ്പ് വാങ്ങി ഗസ്റ്റ് ഹൗസിലേക്കെത്തി. അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷവും കെടുത്തുന്ന വാർത്തയായിരുന്നു അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത്.
എകെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് കെ മുരളീധരൻ കെപിസിസി അദ്ധ്യക്ഷനാകണം എന്നതായിരുന്നു മോത്തിലാൽ വോറ തെന്നലയോട് പറഞ്ഞത്. ഒരു പ്രശ്‌നവുമില്ല എന്നുപറഞ്ഞ തെന്നല അന്നുതന്നെ രാജിക്കത്ത് സമർപ്പിച്ചു. പിന്നീട് മന്ത്രിയാകാൻ 2004ൽ കെ മുരളീധരൻ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തെന്നലയെ ചുമതല ഏൽപ്പിച്ചിരുന്നു. 2005ൽ രമേശ് ചെന്നിത്തല അദ്ധ്യക്ഷനായി എത്തുന്നതുവരെ പരിഭവങ്ങളൊന്നും ഇല്ലാതെ അദ്ദേഹം തന്റെ ജോലികൾ കൃത്യമായി ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |