കൊച്ചി: എളമക്കര പോണേക്കരയിലെ ലോഡ്ജിൽ യുവതികൾ രാസലഹരിയുമായി പിടിയിലായ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന തൃശൂർ പൂമംഗലം അരിപ്പാലം പണ്ടാരിവീട്ടിൽ രാഹുലിനെയാണ് (35) ബംഗളൂരുവിൽനിന്ന് എളമക്കര പൊലീസ് അറസ്റ്റുചെയ്തത്.
ജനുവരി എട്ടിന് രാത്രിയാണ് പോണേക്കര മാരിയമ്മൻ കോവിലിന് സമീപത്തെ ലോഡ്ജിലെ ഒരു മുറിയിൽനിന്ന് 4.9362 ഗ്രാം എം.ഡി.എം.എയുമായി ആലപ്പുഴ അരൂർ വേലിക്കകത്ത് വീട്ടിൽ ഗായത്രി (19), പത്തനംതിട്ട റാന്നി പെരുമ്പട്ടി മലയിൽകീഴ് വീട്ടിൽ ബിജിമോൾ (22) എന്നിവരെ കസ്റ്റഡിയിലെടുത്തത്. രാഹുലിനെ പിടികൂടാൻ രാത്രി പൂമംഗലത്തെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീടിന്റെ ഒന്നാംനിലയിൽനിന്ന് ചാടി രക്ഷപ്പെട്ടു.
നാട്ടിൽ ഒരു പ്രമുഖ ബാൻഡ് ഗ്രൂപ്പിൽ ആർട്ടിസ്റ്റായ പ്രതി ബംഗളൂരുവിൽ സുഹൃത്തിന്റെ സഹായത്തോടെ ഓൺലൈൻ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളും ഫോൺകോളുകളും നിരീക്ഷിച്ചാണ് ഒളിത്താവളത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. എസ്.ഐ ആനിശിവം, സി.പി.ഒമാരായ ശ്രീജിത്ത്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |