തൃശൂർ: വിവാദങ്ങളിൽപെടുമ്പോഴെല്ലാം ഷൈൻ ടോം ചാക്കോയെ മുറുകെ പിടിക്കുന്ന അച്ഛൻ. അതായിരുന്നു സി.പി.ചാക്കോ. ഒടുവിൽ മരണത്തിലേക്ക് പോയത് ലഹരിയിൽ നിന്നു മകനെ മോചിപ്പിക്കാനുള്ള യാത്രയ്ക്കിടെ. ലഹരി ഉപയോഗിച്ചും മറ്റും വിവാദങ്ങളിൽപെടുമ്പോൾ ഷൈനിനായി മാദ്ധ്യമങ്ങൾക്ക് മുമ്പിലും ബന്ധുക്കൾക്ക് മുമ്പിലും കവചം ഒരുക്കി.
കഴിഞ്ഞ ഏപ്രിലിൽ ഡാൻസാഫ് സംഘത്തെ പേടിച്ച് കൊച്ചിയിലെ ഹോട്ടലിന്റെ മൂന്നാംനിലയിൽ നിന്ന് ചാടിയോടി ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ സംശയമുനയിലായപ്പോഴും മാദ്ധ്യമങ്ങൾക്ക് മുൻപിൽ ഷൈനിനായി വാദിച്ചത് ചാക്കോയായിരുന്നു.. 'പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്, ഇത് കേസായിട്ടില്ലല്ലോ, ആകുമ്പോൾ നോക്കാം.' മാദ്ധ്യമങ്ങൾക്ക് മുൻപിൽ ഇങ്ങനെ പറയുമ്പോഴും ലഹരിയുടെ തടവറയിൽ നിന്നു മകനെ പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു ആ പിതാവ്.
ആ ഉദ്യമം പൂർത്തിയാകാതെയാണ് വിട പറഞ്ഞത്. നാട്ടുകാരും സിനിമാലോകവും ബന്ധുക്കളും ഷൈനിനെതിരെ തിരിയുമ്പോഴും അവൻ പിന്നിട്ട വഴികളും ജീവിതവും ദാമ്പത്യപരാജയവും എല്ലാം വിശദീകരിച്ചായിരുന്നു ചാക്കോയുടെ ന്യായീകരണം. സുഹൃത്തിനെ പോലെ ഉപദേശവും ശാസനയും കൊണ്ട് ഷൈനിനെ നല്ല വഴിക്ക് നടത്താനും ശ്രമിച്ചു. തമിഴിലും തെലുങ്കിലും ഷൈൻ ഹിറ്റായി തുടങ്ങിയപ്പോൾ അച്ഛനും മകനും ചേർന്ന് നിർമ്മാണക്കമ്പനിയും തുടങ്ങി.
സിനിമകൾ നിർമ്മിക്കണമെന്ന മോഹം ബാക്കിവച്ചാണ് മടങ്ങുന്നത്. നാട്ടുകാർക്കും അയൽവാസികൾക്കും ഏറെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത മുണ്ടൂർ എന്ന നാടിനെയും കണ്ണീരണിയിക്കുന്നുണ്ട്. വീട്ടിലെത്തുന്നവരെ യാതൊരു മടിയുമില്ലാതെ സഹായിക്കാൻ സന്മനസുള്ളയാളായിരുന്നു. കഴിഞ്ഞദിവസം കിടപ്പുരോഗികൾക്കായി നിരവധി വീൽചെയറുകൾ നൽകി. പൊന്നാനിയിലെ പലചരക്ക് മൊത്തവ്യാപാരിയായിരുന്നു ചാക്കോ. ജന്മനാടായ തൃശൂരിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് പൊന്നാനി കാർമ്മൽ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ മരിയ വിരമിച്ചശേഷം ഇവിടേക്ക് മാറിയത്. 11 വർഷമായി മുണ്ടൂരിൽ താമസമാക്കിയ ചാക്കോയുടെ തറവാട് പാലയൂരിലെ ചെറുവത്തൂർ കുടുംബമാണ്.
അപകട കാരണം
ട്രാക്ക് മാറിയത്
മുന്നിൽ പോയ ലോറി അപ്രതീക്ഷിതമായി ട്രാക്ക് മാറിയതാണ് അപകടകാരണമെന്ന് വണ്ടി ഓടിച്ച അനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇരട്ട ട്രാക്കിന്റെ ഇടതുഭാഗം ചേർന്നാണ് കാർ ഓടിച്ചിരുന്നത്. ലോറി വലതു ട്രാക്കിൽ നിന്ന് ഇടത്തേയ്ക്ക് കയറി. 80 കിലോമീറ്ററോളം വേഗതയിലായിരുന്ന കാർ ബ്രേക്ക് ചെയ്യാൻ കഴിയും മുമ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം നിശേഷം തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |