കർണാടക ക്രിക്കറ്റ് അസോ. ഭാരവാഹിരുടെ അറസ്റ്റ് തടഞ്ഞ് കോടതി
ബംഗളുരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐ.പി.എൽ ആഘോഷം ദുരന്തമാറിയ സംഭവത്തിൽ അറസ്റ്റിലായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ ഭാരവാഹികളായ നാലുപേരെ കോടതി റിമാൻഡ് ചെയ്തു. ആർ.സി.ബിയി മാർക്കറ്റിംഗ് തലവനായ നിഖിൽ സൊസാലെയും അറസ്റ്റിലായിട്ടുണ്ട്. മുംബയ്‌യിലേക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെയാണ് ഇയാൾ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 14 ദിവസത്തേക്കാണ് ഇവരെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
അതേസമയം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അധികൃതർക്ക് കർണാടക ഹൈക്കോടതി അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി.കഴിഞ്ഞദിവസം നടന്ന മന്ത്രിസഭായോഗത്തിൽ ആർ.സി.ബി ടീമിനും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കും എതിരെ കേസെടുക്കാൻ തീരുമാനമായിരുന്നു. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രഘു റാം ഭട്ട് ഉൾപ്പടെയുള്ളവർ തങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി. ജൂൺ 16ന് കേസ് വീണ്ടും പരിഗണിക്കും.
വിരാടിനെ അറസ്റ്റ് ചെയ്യണമെന്ന്
സോഷ്യൽമീഡിയ
അതേസമയം ചിന്നസ്വാമി ദുരന്തത്തിൽ ആർ.സി.ബിയുടെ സൂപ്പർ താരം വിരാട് കൊഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കൊഹ്‌ലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്‌സിൽ #ArrestKohli എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായി. കഴിഞ്ഞ ദിവസം വിരാടും ഭാര്യ അനുഷ്കയും ബംഗളുരു എയർപോർട്ടിൽ നിന്ന് മുംബയ്‌യിലേക്ക് പോകുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് വിരാട് ലണ്ടനിലേക്ക് പോകുന്നുവെന്ന് പ്രചരണമുണ്ടായത്. വിരാടിന് ലണ്ടനിലേക്ക് പോകാനാണ് പെട്ടെന്നുതന്നെ വിജയാഘോഷം സംഘടിപ്പിച്ചതെന്നും ആരോപണമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |