ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃസ്ഥാപിക്കണം എന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വീണ്ടും കത്ത് നൽകി. പാകിസ്ഥാൻ ജലവിഭവ സെക്രട്ടറി, ഇന്ത്യൻ ജലശക്തി മന്ത്രാലയ സെക്രട്ടറിക്കാണ് കത്തയച്ചത്.
കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ ആലോചന പുരോഗമിക്കുന്നുവെന്നാണ് വിവരം.
ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. വ്യാപാര ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.
മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു. എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടർന്നു. കഴിഞ്ഞ മാസം ഏഴിന് അര്‍ദ്ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര ക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി. സിന്ദൂരം മാഞ്ഞുപോയ ഇന്ത്യയിലെ സ്‌ത്രീകൾക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |