കോഴിക്കോട്: പിതാവിന്റെ മരണത്തിൽ മകൻ സംശയം പ്രകടിപ്പിച്ചതോടെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്. തുറയൂർ അട്ടക്കുണ്ടിലാണ് സംഭവം. ഈളുവയലിൽ മുഹമ്മദിന്റെ (58) മരണം കൊലപാതകമാണെന്നാണ് മകൻ മുഫീദ് പയ്യോളി സംശയം പ്രകടിപ്പിച്ചത്. തുറയൂർ ചരിച്ചിൽപള്ളി കബർസ്ഥാനിൽ അടക്കം ചെയ്‌ത മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പുറത്തെടുത്തു. ഇൻക്വസ്റ്റും നടത്തി.
രാവിലെ 10.30ന് കോഴിക്കോട് ആർഡിഒ, മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം ഡോക്‌ടർമാർ, അന്വേഷണ ഉദ്യോഗസ്ഥൻ പയ്യോളി സിഐ എകെ സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വർഷങ്ങളായി ഒറ്റയ്‌ക്ക് താമസിച്ചിരുന്ന മുഹമ്മദിനെ ഇക്കഴിഞ്ഞ മേയ് 26നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുമ്പ് പ്രവാസിയായിരുന്നു ഇദ്ദേഹം.
വീടിന് പുറത്ത് കാണാതായതോടെ അയൽവാസിയായ സ്‌ത്രീ ജനാലയിലൂടെ നോക്കിയപ്പോഴാണ് കസേരയിൽ അനക്കമില്ലാതെ മുഹമ്മദ് ഇരിക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ എത്തി വാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. ശേഷം മൃതദേഹം മുഹമ്മദിന്റെ അനുജന്റെ വീട്ടിലേക്ക് മാറ്റുകയും വൈകിട്ട് അടക്കം ചെയ്യുകയും ചെയ്‌തു.
പിന്നീട് നാട്ടിലെത്തിയ മകൻ മുഫീദ് പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന്റെ വാതിൽ പൊളിച്ചനിലയിൽ കാണുന്നില്ലെന്നും മരണശേഷവും പിതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചുവെന്നുമാണ് മുഫീദ് പയ്യോളി പൊലീസിനോട് പരാതിപ്പെട്ടത്. തിടുക്കത്തിലാണ് മൃതദേഹം അടക്കിയതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |