ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 11 വർഷത്തെ കേന്ദ്ര ഭരണം രാജ്യത്തെ രാഷ്‌ട്രീയ സംസ്‌കാരം മാറ്റിമറിച്ചെന്ന് ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നദ്ദ. മോദി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ സുവർണ ലിപികളിൽ എഴുതപ്പെടണമെന്നും മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരണം അഴിമതിയും പ്രീണന രാഷ്ട്രീയവും നിറഞ്ഞതായിരുന്നു. ഉത്തരവാദിത്വമുള്ള എൻ.ഡി.എ സർക്കാർ സദ്ഭരണ രാഷ്ട്രീയമാണ് കാഴ്‌ചവച്ചത്. ഇപ്പോൾ ആളുകൾ അഭിമാനത്തോടെ പറയുന്നു മോദിയുണ്ടെങ്കിൽ എന്നും സാദ്ധ്യമെന്ന്.
ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ പത്താംസ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഐ.എം.എഫിന്റെ പുതിയ കണക്കുകൾ ഇന്ത്യയെ നാലാം സ്ഥാനത്തെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11 വർഷത്തെ ഭരണം സമർപ്പിത പൊതുസേവനത്തിന്റെ സുവർണ കാലഘട്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
നേട്ടങ്ങളുടെ ഇ-ബുക്ക്
ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 11 വർഷം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കുന്ന സമഗ്ര ഇ-ബുക്ക് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയത്. 14 അദ്ധ്യായങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |