ടെൽ അവീവ്: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്ക് സഹായ വിതരണത്തിന് പുറപ്പെട്ട 'മാഡ്‌ലീൻ " എന്ന കപ്പൽ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. 11 ആക്ടിവിസ്റ്റുകളാണ് ഗ്രേറ്റയ്ക്ക് പുറമേ കപ്പലിൽ ഉള്ളത്.
ഈജിപ്ഷ്യൻ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്ത കപ്പലുമായി സൈന്യം ഇസ്രയേലിലെ അഷ്‌ദോദ് തുറമുഖത്തേക്ക് നീങ്ങി. ഇവരെ ഇസ്രയേലിലെ നടപടികൾ പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും. സെലിബ്രിറ്റികളുടെ 'സെൽഫി കപ്പൽ" എന്നാണ് ഇസ്രയേൽ സംഘത്തെ വിശേഷിപ്പിച്ചത്.
ഒരു ട്രക്കിൽ ഉൾക്കൊള്ളാനുള്ള സഹായ വസ്തുക്കൾ പോലും കപ്പലിൽ ഇല്ലെന്നും യാത്രികരെല്ലാം സുരക്ഷിതരാണെന്നും ഇസ്രയേൽ പറഞ്ഞു. ഇസ്രയേൽ സൈന്യം തങ്ങളെ തട്ടിക്കൊണ്ടു പോവുകയാണെന്ന് ഗ്രേറ്റ് മുൻകൂട്ടി റെക്കാഡ് ചെയ്ത വീഡിയോയിൽ ആരോപിച്ചു. എന്നാൽ ഇത് അവരുടെ നാടകമാണെന്ന് പറഞ്ഞ ഇസ്രയേൽ ഗ്രേറ്റയ്ക്കും സംഘത്തിനും വെള്ളവും സാൻഡ്‌വിച്ചും നൽകുന്നത് അടക്കമുള്ള ചിത്രങ്ങളും പുറത്തുവിട്ടു.
പാലസ്‌തീൻ അനുകൂല ആക്ടിവിസ്റ്റ് സംഘടനയായ ഫ്രീഡം ഫ്ലോറ്റില്ല കോളിഷന്റെ കപ്പൽ തെക്കൻ ഇറ്റലിയിലെ കാറ്റാനിയ തുറമുഖത്ത് നിന്ന് ജൂൺ 1നാണ് പുറപ്പെട്ടത്. ഗാസയിലെ ഇസ്രയേലിന്റെ ആക്രമണങ്ങൾക്കും വർദ്ധിച്ചുവരുന്ന യുദ്ധക്കുറ്റങ്ങൾക്കും എതിരെയുള്ള പ്രതിഷേധമാണ് യാത്രയെന്ന് ഗ്രേറ്റ പറഞ്ഞിരുന്നു.
കപ്പലിലെ സഹായ വസ്തുക്കൾ പരിമിതമാണെങ്കിലും ഗാസയിലെ മാനുഷിക സഹായത്തിന്റെ അടിയന്തര ആവശ്യകത ലോകത്തിന് തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നും അവർ അവകാശപ്പെട്ടു. ഹമാസിലേക്കുള്ള ആയുധ കൈമാറ്റം തടയാൻ ഗാസ തീരത്ത് ഇസ്രയേൽ നാവിക ഉപരോധം തീർത്തിട്ടുണ്ട്. സഹായ വിതരണത്തിന് പുറപ്പെട്ട ഗ്രൂപ്പുകളെ ഇതിന് മുമ്പും ഇസ്രയേൽ കടലിൽ വച്ച് തടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |