ട്രോജൻ കുതിരയെ അറിയില്ലേ....ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുകാരുടെ വിജയത്തിന് ഹേതുവായ തടിക്കുതിര. ട്രോജൻ കുതിരയുടെ പൊള്ളയായ ഉൾവശത്ത് ഒളിച്ചിരുന്ന ഗ്രീക്ക് സൈനികർ ട്രോയ് നഗരത്തിനുള്ളിൽ കയറിക്കൂടുകയും ക്രമേണ ട്രോയ്‌യെ നശിപ്പിക്കുകയും ചെയ്തു. ട്രോജൻ കുതിരയെ ഓർമ്മിപ്പിക്കും വിധമാണ് ' ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ്" എന്ന പേരിൽ ജൂൺ 1ന് റഷ്യയ്ക്കുള്ളിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണം.
ഒന്നര വർഷത്തെ ആസൂത്രണം. തടി ക്യാബിനുകളുടെ റൂഫിൽ ഒളിപ്പിച്ചാണ് ഡ്രോണുകളെ റഷ്യക്കുള്ളിൽ കടത്തിയത്. ക്യാബിനുകളുമായി ഭീമൻ ട്രക്കുകൾ സൈബീരിയയിലേത് അടക്കം റഷ്യയുടെ അഞ്ച് തന്ത്രപ്രധാന എയർബേസുകൾക്ക് അടുത്തെത്തി. റിമോട്ട്-കൺട്രോൾഡ് റൂഫുകൾ ഒരേസമയം തുറന്ന് ഡ്രോണുകൾ മുകളിലേക്ക് ഉയർന്നു. ടുപോലേവ് ടി.യു-95 പോലുള്ള കരുത്തൻ ബോംബറുകൾ അടക്കം 41 റഷ്യൻ യുദ്ധവിമാനങ്ങളെ തകർത്തു (13 എണ്ണം പൂർണമായും നശിച്ചെന്നും മറ്റുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചെന്നും യുക്രെയിൻ വാദം).
ആധുനിക ലോകം കണ്ട ബുദ്ധിപരമായ യുദ്ധതന്ത്രം. റഷ്യക്ക് നാണക്കേട്. ലോകത്തെ ഏറ്റവും കൂർമ്മ ബുദ്ധിയുള്ള ചാരൻമാരുള്ള റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ (എഫ്.എസ്.ബി) മൂക്കിന്റെ തുമ്പത്തുണ്ടായ ആക്രമണം. പക്ഷേ,യുക്രെയിന് എന്തെങ്കിലും ഗുണമുണ്ടായോ? റഷ്യ ആക്രമണം നിറുത്തിയോ? ചെറിയ വടി കൊടുത്ത് വലിയ അടി വാങ്ങിയ അവസ്ഥയിലായി യുക്രെയിൻ. കലിപൂണ്ട റഷ്യ അന്ന് തുടങ്ങിയ ശക്തമായ ഡ്രോൺ ആക്രമണം നിറുത്തിയിട്ടില്ല.
സ്‌പൈഡേഴ്സ് വെബിൽ യുക്രെയിൻ 117 ഡ്രോണുകളാണ് പ്രയോഗിച്ചത്. എന്നാൽ റഷ്യ തിരിച്ച് പ്രയോഗിക്കുന്ന ഡ്രോണുകൾക്ക് കൈയ്യുംകണക്കുമില്ല. റഷ്യയുടെ ഡ്രോൺ ആക്രമണം ഇപ്പോൾ തുടങ്ങിയതൊന്നുമല്ല. റഷ്യയുടെ ഡ്രോൺ,മിസൈൽ പ്രഹരമില്ലാത്ത പുലർകാലം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുക്രെയിനിൽ അപൂർവ്വമാണ്. ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ് റഷ്യ ആക്രമണ വീര്യത്തിന് ഇന്ധനമായെന്ന് മാത്രം.
യുക്രെയിനിലെ ജനവാസ മേഖലകൾ ഭീതിയിലാണ്. ഡസൻ കണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ 479 ഡ്രോണുകളും 20 മിസൈലുകളുമാണ് യുക്രെയിന് നേരെ റഷ്യ തൊടുത്തത്. 277 ഡ്രോണുകളം 19 മിസൈലുകളും യുക്രെയിനിലെ പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഒരാൾക്ക് പരിക്കേറ്റു.
ഇനി ഈ ആക്രമണങ്ങളൊക്കെ കണ്ടിട്ട് ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബിനുള്ള റഷ്യയുടെ തിരിച്ചടിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. തിരിച്ചടി പദ്ധതി റഷ്യ അണിയറയിൽ തയ്യാറാക്കുകയാണ്. സമയവും സന്ദർഭവും ഒത്തുവരുമ്പോൾ പ്രയോഗിക്കും. ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബിലൂടെ ഒന്നുറപ്പായി. യുദ്ധത്തിന് ഉടനൊന്നും ഒരു ശമനം പ്രതീക്ഷിക്കേണ്ട.
മദ്ധ്യസ്ഥത വഹിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അതറിയാം. അദ്ദേഹം ഒന്നുംമിണ്ടുന്നില്ല. ട്രംപ് റഷ്യയെ അനുനയിപ്പിച്ച് വെടിനിറുത്തൽ ശ്രമങ്ങൾ ട്രാക്കിലാക്കി വന്നപ്പോഴാണ് യുക്രെയിന്റെ കടുംകൈ. എല്ലാം കുളമായി,ഇനി കുറച്ചുനാൾ കുട്ടികളെ പോലെ അവർ പരസ്പരം പോരടിക്കട്ടെ, പറയുന്നത് ട്രംപാണ്. പുട്ടിൻ ആണവായുധം പ്രയോഗിക്കുമോയെന്നും ട്രംപ് സംശയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |